പരിചയസമ്പന്നരായ താരങ്ങളുടെ നിർണായക ഇടപെടൽ, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കു കയ്യടിച്ച് ആരാധകർ | Kerala Blasters

എഎഫ്‌സി കപ്പിൽ ആറു ഗോളിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഒഡിഷ എഫ്‌സി കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങിയതെങ്കിലും മത്സരത്തിൽ കൊമ്പൻമാർ തന്നെയാണ് വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളും ഒരു പെനാൽറ്റിയും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ ആയെങ്കിലും ആ പെനാൽറ്റി സച്ചിൻ സുരേഷ് തടുത്തതോടെ അവർക്ക് ആത്മവിശ്വാസം വർധിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ വിജയം നേടിയത്.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളുകൾ നേടിയത് ദിമിത്രിയോസും അഡ്രിയാൻ ലൂണയുമായിരുന്നു. ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ദിമിത്രിയോസ് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങി എട്ടാം മിനുട്ടിൽ തന്നെ ടീമിനായി സമനിലഗോൾ കണ്ടെത്തി. ലൂണയുടെ ക്വിക്ക് ഫ്രീകിക്കിന് ശേഷം ഡൈസുകെ നൽകിയ പാസിലാണ് താരം ഗോൾ കണ്ടെത്തിയത്. അതിനു ശേഷം എൺപത്തിനാലാം മിനുട്ടിൽ അഡ്രിയാൻ ലൂണ ഒരു മനോഹരഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ വിജയവും ഉറപ്പിച്ചു.

മത്സരത്തിന് ശേഷം അഡ്രിയാൻ ലൂണയുടെ ഗോളാഘോഷത്തിൽ സംഭവിച്ച ഒരു സുപ്രധാന കാര്യമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഗോൾ നേടിയതിനു ശേഷം മൈതാനത്തിന്റെ വശങ്ങളിലേക്ക് ഓടി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ വെച്ച് ലൂണ ഗോൾ ആഘോഷിച്ചപ്പോൾ അതിനൊപ്പം ചേരാൻ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ സച്ചിൻ സുരേഷും വന്നിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം പ്രീതം കോട്ടാലും ദിമിയും ഉടനെ തന്നെ സച്ചിനെ പിടിച്ചു മാറ്റി തിരിച്ചു പറഞ്ഞു വിടുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയതിനു ശേഷം മത്സരം തുടങ്ങേണ്ടത് ഒഡിഷയുടെ കിക്കിലൂടെയാണ്. ഗോൾകീപ്പർ ഒഴികെയുള്ള ഔട്ട്‍ഫീൽഡ് പ്ലയേഴ്‌സ് എല്ലാവരും മൈതാനത്തേക്ക് തിരിച്ചുവന്നാൽ മത്സരം വീണ്ടും തുടങ്ങാൻ എതിർടീമിനു കഴിയും. ആ സമയത്ത് ഗോൾപോസ്റ്റ് ഒഴിഞ്ഞു കിടന്നാൽ ആദ്യത്തെ കിക്ക് തന്നെ ഗോളിലേക്കാവും വരികയെന്നതിൽ സംശയമില്ല. അതുകൊണ്ടാണ് ദിമിത്രിയോസും പ്രീതം കൊട്ടാലും ഉടനെ തന്നെ സച്ചിൻ സുരേഷിനെ പറഞ്ഞു വിട്ടത്.

പരിചയസമ്പന്നരായ താരങ്ങൾ യുവതാരങ്ങൾക്ക് കൃത്യമായി നിർദ്ദേശം നൽകുന്നതിന്റെ ഉദാഹരണമാണ് ഇത്. മത്സരത്തിൽ ഉണ്ടാകുന്ന വൈകാരികത പലപ്പോഴും താരങ്ങൾ പിഴവുകൾ വരുത്താൻ കാരണമാകും. എന്നാൽ പരിചയസമ്പന്നരായ താരങ്ങൾക്ക് ഇത് വളരെ വേഗത്തിൽ മനസിലാക്കാനും നിർദ്ദേശങ്ങൾ നൽകാനും കഴിയും. പരിചയസമ്പത്തുള്ള നിരവധി താരങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്‌സിൽ ഉള്ളത് ടീമിന് കൂടുതൽ കരുത്തു നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Kerala Blasters Fans Notice One Thing After Luna Goal