ബ്ലാസ്റ്റേഴ്‌സിന് ഇരട്ടി കരുത്തു നൽകി വല്യേട്ടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു, നിർണായക അപ്‌ഡേറ്റ് നൽകി വുകോമനോവിച്ച് | Leskovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് തിരിച്ചടികൾ നേരിട്ടിരുന്നു. പുതിയ സീസണിലേക്കായി ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയതാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യം നേരിട്ട പ്രധാന തിരിച്ചടി. അതിനു പിന്നാലെ ഡ്യൂറൻഡ് കപ്പിനിടയിലും ഏതാനും താരങ്ങൾ പരിക്കേറ്റു പുറത്തായതിനാൽ മുഴുവൻ സ്‌ക്വാഡും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ ആരംഭിച്ചത്.

പരിക്കേറ്റ മാർകോ ലെസ്‌കോവിച്ച് അടക്കം പ്രധാന താരങ്ങൾ ഇല്ലാതെ സീസൺ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോഴും പരിക്കിന്റ തിരിച്ചടികൾ തുടരുകയുണ്ടായി. ടീമിന്റെ ലെഫ്റ്റ് ബാക്കായ ഐബാൻ, മധ്യനിര താരമായ ജിക്സൺ എന്നിവരാണ് പരിക്കേറ്റു പുറത്തു പോയത്. ഇവർ അടുത്തൊന്നും കളിക്കളത്തിലേക്ക് തിരിച്ചു വരില്ലെന്നു വ്യക്തമായതിനു പുറമെ ഏതാനും താരങ്ങൾക്ക് വിലക്കും ലഭിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്ന ഒരു വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പരിശീലകനായ ഇവാൻ വുകോമനോവിച്ച് നടത്തിയത്. പരിക്കേറ്റു പുറത്തിരിക്കുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ച് എന്നാണു കളിക്കളത്തിലേക്ക് തിരിച്ചു വരികയെന്ന് അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഇന്റർനാഷണൽ ബ്രേക്കിന്‌ ശേഷം മാർകോ ലെസ്‌കോവിച്ച് ടീമിനായി ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം കൂടി കളിക്കാനുണ്ട്. കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിനെതിരെ അവരുടെ മൈതാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിനായി ഇറങ്ങുന്നത്. നവംബർ നാലിനാണ് ഈ മത്സരം നടക്കുക. അതിനു ശേഷം ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. ഈ മത്സരത്തിനായി ഇറങ്ങാൻ ലെസ്‌കോവിച്ച് തയ്യാറാകുമെന്നാണ് പ്രതീക്ഷ.

മാർകോ ലെസ്‌കോവിച്ച് എത്തുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നിരട്ടി ഊർജ്ജമാണ് ലഭിക്കുക. അതെ മത്സരത്തിൽ തന്നെ വിലക്ക് മാറി ഡ്രിങ്കിച്ച്, പ്രബീർ ദാസ് എന്നീ താരങ്ങളും തിരിച്ചെത്തും. അതേസമയം ലെസ്‌കോവിച്ച് തിരിച്ചെത്തിയാലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ കളിക്കുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. നാല് വിദേശതാരങ്ങളെ മാത്രമേ ഇറക്കാൻ കഴിയൂ എന്നതിനാലാണ് പ്രതിരോധനിരയിൽ ലെസ്‌കോവിച്ചിന്റെ സ്ഥാനം ഉറപ്പില്ലാത്തത്.

Leskovic Will Return After International Break