അവസാനഫലം വരുമ്പോൾ മാറിമറിയുമോ, ബാലൺ ഡി ഓർ വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമെന്നു വെളിപ്പെടുത്തൽ | Ballon Dor

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ഫുട്ബോൾ ആരാധകർ. നാളെ രാത്രി പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ബാലൺ ഡി ഓർ പ്രഖ്യാപിക്കുക. ലയണൽ മെസി, എർലിങ് ഹാലാൻഡ്, കിലിയൻ എംബാപ്പെ, ജൂലിയൻ അൽവാരസ്, ലൗടാരോ മാർട്ടിനസ്, കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി തുടങ്ങിയ താരങ്ങളാണ് ബാലൺ ഡി ഓർ പുരസ്‌കാരത്തിനു വേണ്ടി പ്രധാനമായും മത്സരിക്കുന്നത്.

അവസാന മൂന്നു സ്ഥാനങ്ങളിലേക്ക് ഉയർന്നു കേൾക്കുന്ന പേരുകൾ മെസി, ഹാലാൻഡ്, എംബാപ്പെ എന്നിവരുടേതാണെങ്കിലും മെസിക്ക് കൂടുതൽ സാധ്യത ഇക്കാര്യത്തിൽ കൽപ്പിക്കുന്നുണ്ട്. ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതാണ് ലയണൽ മെസിക്ക് പുരസ്‌കാരം നേടാനുള്ള സാധ്യത വർധിപ്പിക്കുന്നത്. അർജന്റീന താരം തന്നെ പുരസ്‌കാരം നേടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതായി ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ബാലൺ ഡി ഓർ വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നതെന്നാണ് പുരസ്‌കാരം നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ വിൻസെൻറ് ഗാർസിയ പറയുന്നത്, ടെലിഫുട്ടിനോട് സംസാരിക്കുമ്പോഴാണ് ഇത്തവണ വോട്ടിങ് മുൻപെങ്ങുമില്ലാത്ത രീതിയിൽ മത്സരം നിറഞ്ഞതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെ നാളെ നടക്കുന്ന ചടങ്ങിലെ പ്രഖ്യാപനം കഴിഞ്ഞാലേ ആരാണ് പുരസ്‌കാരം നേടുകയെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ.

ഇത്തവണ ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ കടുത്ത പോരാട്ടം ഉണ്ടാകുമെന്ന് ഏവരും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. മെസി ഇക്കാലയളവിൽ ലോകകപ്പ്, ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ് എന്നീ കിരീടങ്ങളും ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പും ഇക്കാലയളവിൽ സ്വന്തമാക്കിയപ്പോൾ ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ നേട്ടമാണ് സ്വന്തമാക്കിയത്. എംബാപ്പയെ സംബന്ധിച്ച് ലോകകപ്പ് ഫൈനലിൽ എത്തിയതും ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ് എന്നീ കിരീടങ്ങളുമാണ് സ്വന്തമായുള്ളത്.

ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം ലയണൽ മെസിയും ഹാലൻഡും തമ്മിലായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇവരിൽ ആരാണ് പുരസ്‌കാരം നേടുകയെന്നു മാത്രമേ അറിയാനുള്ളൂ. ലയണൽ മെസി പുരസ്‌കാരം സ്വന്തമാക്കിയാൽ കരിയറിൽ എട്ടാമത്തെ ബാലൺ ഡി ഓർ ആയിരിക്കും അർജന്റീന താരത്തെ തേടിയെത്തുക. അതേസമയം നോർവീജിയൻ സ്‌ട്രൈക്കറായ ഹാലാൻഡ് നേടിയാൽ താരത്തിന്റെ കരിയറിലെ ആദ്യത്തെ ബാലൺ ഡി ഓർ ആയിരിക്കുമത്.

Ballon Dor 2023 Votes Are Very Close