“മെസി തന്നെയാണ് ബാലൺ ഡി ഓർ നേടേണ്ടത്”- ലോകകപ്പ് ഫൈനൽ കളിച്ച ഫ്രഞ്ച് താരം പറയുന്നു | Messi

ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഇന്ന് രാത്രി പ്രഖ്യാപിക്കാനിരിക്കയാണ്. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിക്കാൻ വേണ്ടി പോകുന്നത്. കഴിഞ്ഞ നിരവധി വർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്‌കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അവാർഡിനായി കടുത്ത പോരാട്ടം തന്നെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലയണൽ മെസി, എർലിങ് ഹാലാൻഡ്, കിലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളാണ് ഇത്തവണ ബാലൺ ഡി ഓർ നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന താരങ്ങൾ. ഇതിൽ ലയണൽ മെസി പുരസ്‌കാരം ഉറപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് വെളിപ്പെടുത്തിയതു പ്രകാരം വോട്ടിങ്ങിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടക്കുന്നത്.

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതാണ് ലയണൽ മെസി പുരസ്‌കാരം നേടാൻ സാധ്യത വർധിപ്പിക്കുന്ന കാര്യം. ടൂർണമെന്റിൽ ഉടനീളം മിന്നുന്ന പ്രകടനം നടത്തിയ താരം ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ടു ഗോളുകളും നേടിയാണ് അർജന്റീനയെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ചത്. അതേസമയം അർജന്റീനയോട് ഫൈനലിൽ തോൽവി വഴങ്ങിയ ഫ്രാൻസ് ടീമിലുണ്ടായിരുന്ന താരം തന്നെ പറയുന്നത് ലയണൽ മെസിയാണ് ബാലൺ ഡി ഓർ അർഹിക്കുന്നതെന്നാണ്.

“ലോകകപ്പ് നേടിയത് ആരാണ്? പലപ്പോഴും ഇങ്ങിനെയാണ്‌ കാര്യങ്ങൾ സംഭവിക്കുന്നത്. അതിനു പുറമെ മെസി അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായകമായൊരു പങ്ക് വഹിക്കുകയും ചെയ്‌തു. അതുകൊണ്ടു തന്നെ ലിയോ പുരസ്‌കാരം നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” ജിറൂദ് കഴിഞ്ഞ ദിവസം പറഞ്ഞു. ബാലൺ ഡി ഓറിൽ മെസിയെ മറികടക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഫ്രഞ്ച് സഹതാരവും സുഹൃത്തുമായ എംബാപ്പക്ക് ജിറൂദ് സാധ്യതയൊന്നും കൽപ്പിച്ചില്ല.

പാരീസിലെ തീയേറ്റർ ദു ചാറ്റ്‌ലെറ്റിൽ വെച്ചാണ് പുരസ്‌കാരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്. ഇന്ത്യയിലുള്ള ആരാധകർക്ക് പുരസ്‌കാരച്ചടങ്ങ് തത്സമയം കാണാനുള്ള അവസരമുണ്ട്. സോണി ടെൻ 2 ചാനലിലൂടെയും സോണി ലൈവ്, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും പുരസ്‌കാരച്ചടങ്ങ് കാണാൻ അവസരമുണ്ട്. ഇന്ത്യൻ സമയം 11.30നാണ് ബാലൺ ഡി ഓർ പുരസ്‌കാരം നൽകാനുള്ള ചടങ്ങുകൾ ആരംഭിക്കുക.

Giroud Says Messi Will Win Ballon Dor