ഫാൻ ഫൈറ്റ് ഇപ്പോഴേ തുടങ്ങി, ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി ഗോകുലം കേരളയുടെ ബാനർ | Gokulam Kerala

ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ തുടങ്ങിയപ്പോൾ ഫുട്ബോളിനെ മലയാളികൾ എത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് ലോകം തന്നെ കാണാൻ തുടങ്ങി. അത്രയും വലിയ ആരാധകപിന്തുണയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ഫുട്ബോൾ ക്ലബും കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ.

എന്നാൽ അടുത്ത സീസണിൽ കേരളത്തിൽ നിന്നു തന്നെ ഒരു വെല്ലുവിളി കേരള ബ്ലാസ്റ്റേഴ്‌സിന് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഐ ലീഗ് വിജയിക്കുന്ന ടീമുകൾക്ക് ഫ്രാഞ്ചൈസി ഫീസ് ഇല്ലാതെ ഐഎസ്എല്ലിലേക്ക് യോഗ്യത നേടാൻ കഴിയുമെന്നു വന്നതോടെ നിലവിൽ ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരള അടുത്ത സീസണിൽ ഐഎസ്എൽ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനായി മികച്ചൊരു ടീമിനെയാണ് അവർ ഈ സീസണിൽ ഇറക്കിയിരിക്കുന്നത്.

ഐ ലീഗിൽ ഗോകുലം കേരളയുടെ ആദ്യത്തെ മത്സരം കഴിഞ്ഞ ദിവസം നടന്നപ്പോൾ അതിൽ ഉയർത്തിയ ഒരു ബാനറാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഗോകുലത്തിന്റെ ആരാധകക്കൂട്ടമായ ബറ്റാലിയയാണ് ബാനർ ഉയർത്തിയത്. ഇതിൽ ഗോകുലം കേരളയെ ‘ട്രോഫി ക്യാപ്പിറ്റൽ ഓഫ് കേരള’ എന്നാണു വിശേഷിപ്പിക്കുന്നത്. ഗോകുലം കേരള രണ്ട് ഐ ലീഗ് അടക്കം മൂന്നു കിരീടങ്ങൾ നേടിയിട്ടുള്ളപ്പോൾ ഇതുവരെ കിരീടങ്ങളൊന്നും നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിനുള്ള ഒരു ട്രോളാണോ ആ ബാനറെന്നു സംശയിക്കാവുന്നതാണ്.

ഫാൻ ഫൈറ്റുകൾ ഫുട്ബോളിനെ സജീവമായി നിലനിർത്തുന്ന ഒന്നാണ്. രണ്ടു വ്യത്യസ്‌ത ലീഗുകളിലാണ് കളിക്കുന്നതെങ്കിലും കേരളത്തിലെ മികച്ച ക്ലബ് ഏതാണെന്ന ചർച്ചകൾ ഉയരുന്ന ഇത്തരം ഫാൻ ഫൈറ്റുകൾ ഈ ക്ലബുകളുടെയും ഫുട്ബോളിന്റെയും വളർച്ചക്ക് തന്നെ ഗുണം ചെയ്യും. കേരളത്തിൽ നിന്നും രണ്ടു ടീമുകൾ ഐഎസ്എല്ലിൽ കളിച്ചാൽ അത് മലയാളക്കരയുടെ ഫുട്ബോൾ സാഹചര്യങ്ങളിൽ തന്നെ മാറ്റം വരുത്തുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

അതേസമയം സ്വന്തം മൈതാനത്ത് നടന്ന ആദ്യത്തെ മത്സരത്തിൽ ഗോകുലം കേരള സമനിലയിൽ പിരിയുകയായിരുന്നു. ഐ ലീഗിലെ പുതുമുഖടീമായ ഇന്റർ കാശിക്കെതിരെ തൊണ്ണൂറാം മിനുട്ട് വരെയും ടീം മുന്നിട്ടു നിന്നിരുന്നെങ്കിലും അതിനു ശേഷം ഗോൾകീപ്പർ വരുത്തിയ പിഴവിൽ നിന്നും വഴങ്ങിയ ഗോളാണ് അവർക്ക് വിജയം നിഷേധിച്ചത്. അടുത്ത മത്സരത്തിൽ നെറോക്ക എഫ്‌സിയാണ് ഗോകുലം കേരളയുടെ എതിരാളികൾ.

Gokulam Kerala Fans Trolled Kerala Blasters