ലൂണക്ക് അടുത്ത മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിക്കണം, വൈകുന്തോറും ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ അപകടം | Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്‌സിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അഡ്രിയാൻ ലൂണക്ക് അവസാന മിനുട്ടിൽ മഞ്ഞക്കാർഡ് ലഭിച്ചത് ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമാണ്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സമയം വെറുതെ കളയാൻ ശ്രമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റഫറി കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് മഞ്ഞക്കാർഡ് നൽകിയത്. ഇതോടെ ഈ സീസണിൽ ഇതുവരെ മൂന്നു മഞ്ഞക്കാർഡ് ലഭിച്ച ലൂണക്ക് അടുത്ത മത്സരം നഷ്‌ടമാകുമോയെന്ന ആശങ്കയായിരുന്നു ആരാധകർക്ക്.

യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള പല ടൂർണമെന്റുകളിലും മൂന്നു മഞ്ഞക്കാർഡിനു അടുത്ത മത്സരത്തിൽ വിലക്കെന്ന നിയമം ഉണ്ടെങ്കിലും ലീഗുകളിൽ രീതി വ്യത്യസ്‌തമാണ്‌. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യത്തെ പത്തൊൻപത് മത്സരങ്ങൾക്കുള്ളിൽ അഞ്ചു മഞ്ഞക്കാർഡ് ലഭിച്ചാലാണ് അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ നിയമപ്രകാരം നാല് മഞ്ഞക്കാർഡ് ലഭിച്ചാൽ ആ താരത്തിന് അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല.

ഇതിനാൽ തന്നെ പരിക്കൊന്നുമില്ലെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള അടുത്ത മത്സരത്തിൽ ലൂണ കളിക്കാനിറങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ മത്സരത്തിൽ ലൂണ മഞ്ഞക്കാർഡ് വാങ്ങണമെന്നും അതിനടുത്ത മത്സരത്തിൽ താരം കളിക്കരുതെന്നുമാണ് ആരാധകർ ആഗ്രഹിക്കുന്നത്. ലൂണക്ക് അടുത്ത മഞ്ഞക്കാർഡ് ലഭിക്കാൻ ഓരോ മത്സരം വൈകുന്തോറും അത് കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ ഭീഷണി സൃഷ്‌ടിക്കുമെന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ഈസ്റ്റ് ബംഗാളിനെതിരെ ലൂണക്ക് മഞ്ഞക്കാർഡ് ലഭിച്ചാൽ താരത്തിന് നഷ്‌ടമാവുക ഇന്റർനാഷണൽ ബ്രേക്കിനു ശേഷം നടക്കുന്ന ഹൈദരാബാദ് എഫ്‌സിക്കെതിരെ നടക്കുന്ന മത്സരമാണ്. നിലവിൽ നാല് മത്സരങ്ങൾ കളിച്ച് ഒരു വിജയം പോലുമില്ലാതെ ലീഗിൽ ഏറ്റവും അവസാനസ്ഥാനത്ത് കിടക്കുന്ന ഹൈദരാബാദ് എഫ്‌സി മോശം ഫോമിലാണ്. അതിനാൽ തന്നെ അവർക്കെതിരായ മത്സരത്തിൽ ലൂണ ഇറങ്ങിയില്ലെങ്കിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്ന പ്രതീക്ഷയുണ്ട്.

അതേസമയം അതിനടുത്തു വരുന്ന രണ്ടു മത്സരങ്ങളാണ് ലൂണക്ക് നഷ്‌ടമാകുന്നതെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. ഹൈദെരാബാദിനെതിരായ മത്സരത്തിന് ശേഷം ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ എഫ്‌സി, ഒന്നാം സ്ഥാനത്തു നിൽക്കുന്ന എഫ്‌സി ഗോവ എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കേണ്ടത്. ഇതിൽ ലൂണ കളിക്കാതിരുന്നാൽ ബ്ലാസ്റ്റേഴ്‌സ് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നതിനാൽ അടുത്ത മത്സരത്തിൽ താരത്തിന് മഞ്ഞക്കാർഡ് ലഭിക്കുകയാണ് കൂടുതൽ ഗുണം ചെയ്യുക.

Adrian Luna 1 Yellow Card Away For Suspension