ലോകകപ്പ് ഫൈനലിനെ ഓർമിപ്പിക്കുന്ന സേവുമായി എമിലിയാനോ മാർട്ടിനസ്, ഡബിൾ സേവുമായി ആസ്റ്റൺ വില്ലയെ രക്ഷിച്ച് അർജന്റീന താരം | Emiliano Martinez

അർജന്റീന ആരാധകരുടെ ഹീറോയാണ് എമിലിയാനോ മാർട്ടിനസ് എന്ന ഗോൾകീപ്പർ. ദേശീയടീമിൽ സ്ഥാനം ലഭിക്കാൻ ഒരുപാട് വൈകിയെങ്കിലും ആദ്യമായി ഗോൾവല കാത്ത മത്സരം മുതൽ ഇന്നുവരെ മറ്റൊരു ഗോൾകീപ്പർ എമിലിയാനോയുടെ സ്ഥാനത്തേക്ക് വന്നിട്ടില്ല. താരത്തിന്റെ കൂടി മികവിലാണ് അർജന്റീന കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയത്.

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ എമിലിയാനോ മാർട്ടിനസ് നടത്തിയ സേവ് ഒരാളും മറക്കുകയില്ല. കൊളോ മുവാനി പന്തുമായി വരുമ്പോൾ മുന്നിൽ എമിലിയാനോ മാത്രമാണ് ഉണ്ടായിരുന്നത്. താരത്തിന്റെ കനത്ത ഷോട്ട് തന്റെ കാലു കൊണ്ടാണ് എമിലിയാനോ തടുത്തിട്ടത്. അവസാന മിനുട്ടിൽ നടത്തിയ ആ സേവ് ഇല്ലായിരുന്നെങ്കിൽ അർജന്റീനക്ക് ലോകകപ്പ് വീണ്ടും കിട്ടാക്കനിയായി മാറുമായിരുന്നു.

കഴിഞ്ഞ ദിവസം എമിലിയാനോയുടെ ക്ലബായ ആസ്റ്റൺ വില്ലയും എവർട്ടനും തമ്മിൽ നടന്ന മത്സരത്തിൽ താരം നടത്തിയ ഒരു സേവ് അർജന്റീന ആരാധകരെ ലോകകപ്പ് ഫൈനലിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒന്നായിരുന്നു. മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപാണ് ലോകകപ്പ് ഫൈനലിലെ സേവ് ഓർമിപ്പിക്കുന്ന രക്ഷപ്പെടുത്തൽ എമിലിയാനോ നടത്തിയത്.

മനോഹരമായ ഒരു ത്രൂ പാസ് പിടിച്ചെടുത്ത് എവർട്ടൺ താരമായ കാൾവർട്ട് ലുവിൻ മുന്നേറുമ്പോൾ മുന്നിൽ എമിലിയാനോ മാത്രമാണ് ഉണ്ടായിരുന്നത്. ലുവിൻ ഷോട്ടുതിർത്തെങ്കിലും അത് തന്റെ കാലു കൊണ്ട് എമിലിയാനോ തടുത്തിട്ടു. അതിനു പിന്നാലെ വന്ന മറ്റൊരു ഷോട്ട് മികച്ചൊരു ഡൈവിലൂടെയും തടുത്തിട്ട് അർജന്റീന താരം ആസ്റ്റൺ വില്ലയെ രക്ഷിക്കുകയായിരുന്നു.

ലഭിച്ച മികച്ച അവസരങ്ങൾ ആസ്റ്റൺ വില്ലക്ക് മുതലെടുക്കാൻ കഴിയാതിരുന്ന മത്സരത്തിൽ എമിലിയാനോയുടെ സേവുകൾ സമനില നേടിയെടുക്കാൻ അവരെ സഹായിച്ചു. വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുകയാണ് ആസ്റ്റൺ വില്ല. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയെടുക്കുക എന്നതാണ് അവരുടെ പ്രധാന ലക്‌ഷ്യം.

Emiliano Martinez Double Save Against Everton