തിരിച്ചുവരവിന്റെ പാതയിലാണ് ഞാൻ, കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വിദേശതാരത്തിന്റെ പ്രഖ്യാപനം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവേശത്തോടെ സ്വീകരിക്കുകയും എന്നാൽ ഒരു മത്സരം പോലും കളിക്കാൻ കഴിയാതെ പരിക്കിന്റെ പിടിയിലാവുകയും ചെയ്‌ത താരമാണ് ജോഷുവ സോട്ടിരിയോ. ഓസ്‌ട്രേലിയൻ ക്ലബിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ താരം പരിക്കേറ്റു പുറത്തായി. തിരിച്ചുവരവ് വൈകുമെന്നതിനാൽ പകരക്കാരനായി ഡൈസുകെയെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

അതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജോഷുവ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി ഉണ്ടായിരുന്നു. താരവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കരാർ പരസ്‌പരധാരണയോടെ റദ്ദാക്കി ക്ലബിൽ നിന്നും പുറത്തു പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ വന്നത്. 2025നുള്ളിൽ ഏതെങ്കിലും ഇന്ത്യൻ ക്ലബിനായി സൈൻ ചെയ്യണമെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടപരിഹാരം നൽകേണ്ടി വരുമെന്നും അതിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം സോട്ടിരിയോ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത വീഡിയോ പ്രകാരം താരം ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള പദ്ധതിയില്ലെന്നുറപ്പാണ്. പരിക്കിൽ നിന്നും മോചിതനാവാൻ വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഒരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഇതിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ടാഗ് ചെയ്‌തിട്ടുണ്ടെന്നതിനാൽ തന്നെ ടീമിൽ തുടരുമെന്നാണ് മനസിലാക്കേണ്ടത്.

അതേസമയം താരം എന്നാണു തിരിച്ചുവരികയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. 2024 തിരിച്ചുവരുമെന്ന റിപ്പോർട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ വളരെ പെട്ടന്ന് തിരിച്ചു വരാനുള്ള സാധ്യത കുറവാണ്. നിലവിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ ശ്രമിക്കുന്ന താരം വ്യക്തിഗത പരിശീലനമെങ്കിലും ആരംഭിച്ചാലേ പെട്ടന്നൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാൻ കഴിയൂ.

സോട്ടിരിയോയെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കില്ലെന്നാണ് മനസിലാക്കേണ്ടത്. താരത്തിന് 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. വിങ്ങറായും ഫോർവേഡായും കളിക്കാൻ കഴിയുന്ന താരം തിരിച്ചു വരുന്നതിനായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

Jaushua Sotirio Not Leaving Kerala Blasters