ഗോളുകൾ വാങ്ങിക്കൂട്ടി എമിലിയാനോ മാർട്ടിനസ്, ആഴ്സനലിന്റെ വിജയം താരത്തിന്റെ സെൽഫ് ഗോളിൽ
ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് പരാജയത്തിലേക്ക് വീഴുകയായിരുന്നു ആസ്റ്റൺ വില്ല. രണ്ടു തവണ ലീഡ് നേടിയതിനു ശേഷം രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തോൽവി വഴങ്ങിയത്. ഇതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലേക്ക് കടക്കാൻ ആഴ്സണലിന് കഴിഞ്ഞു.
ഒല്ലീ വാറ്റ്കിൻസിന്റെ ഗോളിൽ ആസ്റ്റൺ വില്ല മുന്നിലെത്തിയ മത്സരത്തിൽ ബുക്കായോ സാക്കയിലൂടെ ആഴ്സണൽ തിരിച്ചടിച്ചു. അതിനു ശേഷം ഫിലിപ്പെ കുട്ടീന്യോയുടെ വീണ്ടും മുന്നിലെത്തിയ ആസ്റ്റൺ വില്ലക്കെതിരെ പൊരുതിയാണ് ആഴ്സണൽ വിജയം നേടിയത്. സിൻചെങ്കോ, മാർട്ടിനെല്ലി എന്നിവർ ആഴ്സണലിനായി ഗോൾ നേടിയപ്പോൾ എമിലിയാനോ മാർട്ടിനസ് ഒരു സെൽഫ് ഗോൾ വഴങ്ങുകയും ചെയ്തു.
മത്സരത്തിൽ രണ്ടു ടീമുകളും 2-2 എന്ന നിലയിൽ നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിലാണ് എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോൾ പിറന്നത്. ആഴ്സണൽ താരം ജോർജിന്യോ ബോക്സിന് വെളിയിൽ നിന്നും ഉതിർത്ത ഷോട്ട് പോസ്റ്റിൽ അടിച്ചതിനു ശേഷം എമിലിയാനോയുടെ തലയിൽ കൊണ്ട് വലക്കകത്തേക്ക് കയറുകയായിരുന്നു. ജോർജിന്യോ ആഴ്സണൽ ജേഴ്സിയിൽ നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്.
Emiliano Martínez deserves this 😂 pic.twitter.com/2wobIEkXjC
— Winnerpool (@WinnerpoolLFC) February 18, 2023
ഇതിനു പുറമെ അവസാനത്തെ മിനിറ്റുകളിൽ ഹെഡ് ചെയ്യുന്നതിനായി എമിലിയാനോ മാർട്ടിനസ് ആഴ്സണൽ ബോക്സിലേക്ക് വന്നതു നാലാമത്തെ ഗോൾ വഴങ്ങാനും കാരണമായി. ആഴ്സണൽ പ്രത്യാക്രമണം നടത്തിയപ്പോൾ ആസ്റ്റൺ വില്ല ഗോൾപോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരിക്കുന്നു. ഓടിയെത്താനുള്ള എമിലിയാണോ മാർട്ടിനസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മാർട്ടിനെല്ലി അനായാസം വല കുലുക്കി.
Tayfaya hizmet. Emiliano martinez he think he is usain bolt😂😂😂 pic.twitter.com/NbV4JDFAAP
— RonaldOkanBuruk (@ronaldo3154) February 18, 2023
ആഴ്സണൽ ടീമിനെതിരെ നാല് ഗോളുകൾ വഴങ്ങിയതോടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളുകളാണ് എമിലിയാനോ മാർട്ടിനസ് വഴങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മൂന്നു ഗോൾ വഴങ്ങിയ താരം അതിനു മുൻപത്തെ മത്സരത്തിൽ ലൈസ്റ്റർ സിറ്റിയോടും നാല് ഗോൾ വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും വില്ല തോൽവി വഴങ്ങിയിരുന്നു.