അർജന്റീനക്കൊപ്പം ഒരു കിരീടം കൂടി സ്വന്തമാക്കാൻ ബാക്കിയുണ്ട്, അടുത്ത ലക്ഷ്യം വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ് | Emiliano Martinez
കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അർജന്റീന സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കിയപ്പോൾ അതിൽ പ്രധാന പങ്കു വഹിച്ച താരങ്ങളിലൊരാളാണ് എമിലിയാനോ മാർട്ടിനസ്. ഗോൾവലക്ക് മുന്നിൽ വന്മതിലായി നിൽക്കുന്ന താരത്തിന്റെ സാന്നിധ്യം അർജന്റീനക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഷൂട്ടൗട്ടുകളിൽ അർജന്റീനയുടെ വിജയമുറപ്പിക്കുന്നതും എമിലിയാനോയുടെ കരങ്ങളാണ്.
അർജന്റീനക്ക് വേണ്ടി മറ്റൊരു കിരീടം കൂടി നേടാൻ തനിക്ക് ബാക്കിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം എമിലിയാനോ മാർട്ടിനസ് പറഞ്ഞത്. ഒളിമ്പിക്സ് ടൂർണമെന്റിൽ സ്വർണം നേടണമെന്ന തന്റെ ആഗ്രഹമാണ് അർജന്റീന ഗോൾകീപ്പർ പ്രകടിപ്പിച്ചത്. വരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒളിമ്പിക്സ് ടൂർണമെന്റ് ഫ്രാൻസിൽ വെച്ച് നടക്കാനിരിക്കെയാണ് തന്റെ ആഗ്രഹം എമിലിയാനോ പ്രകടിപ്പിച്ചത്.
🚨 Emi Martínez: “If there is something I am missing in the National Team, it is winning the Olympic Games.” @askomartin 🏆🇫🇷 pic.twitter.com/MB9y6Rc43z
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 14, 2024
ഒളിമ്പിക്സിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അർജന്റീന യോഗ്യത നേടിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയം ആവശ്യമായിരുന്ന അവർ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ച് ടൂർണമെന്റിന് യോഗ്യത നേടി. ഇതോടെ ബ്രസീൽ ടൂർണമെന്റിന് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമാണ് ബ്രസീൽ.
ലയണൽ മെസി ഒളിമ്പിക്സ് ടൂർണ്ണമെന്റിനുള്ള ടീമിനൊപ്പം ചേരാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് എമിലിയാനോ മാർട്ടിനസ് ഒളിമ്പിക്സ് സ്വർണം നേടാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. താരം അർജന്റീന ടീമിനൊപ്പം ചേരാൻ തയ്യാറാണെങ്കിൽ പരിശീലകൻ മഷെറാനോ ടീമിലുൾപ്പെടുത്താൻ സാധ്യതയുണ്ട്. 23 വയസിൽ കൂടുതലുള്ള മൂന്നു താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയും.
എമിലിയാനോ മാർട്ടിനസ് ഒളിമ്പിക്സ് ടീമിൽ ഉണ്ടാവുകയാണെങ്കിൽ അർജന്റീനക്ക് അത് നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ല. താരം അർജന്റീന ടീമിൽ വന്ന ചുരുങ്ങിയ കാലം കൊണ്ടു തന്നെ മൂന്നു കിരീടങ്ങൾ ടീമിന് നേടിക്കൊടുക്കാൻ കഴിഞ്ഞു. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ താരത്തിന് ഒളിമ്പിക്സും അർജന്റീനക്ക് നേടിക്കൊടുക്കാൻ തീർച്ചയായും കഴിയും.
Emiliano Martinez Wants To Win Olympic Games