ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക്? സൗദി ക്ലബിനൊപ്പമുള്ള അരങ്ങേറ്റം വൈകുമെന്ന് റിപ്പോർട്ടുകൾ

യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് ആരാധകർക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. പതിനായിരക്കണക്കിന് ആരാധകരാണ് ഫുട്ബോൾ ലോകത്തെ സൂപ്പർതാരത്തെ കാണാൻ അൽ നസ്‌റിന്റെ മൈതാനത്ത് തടിച്ചു കൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ക്ലബിനായി അരങ്ങേറ്റം കുറിക്കുകയെന്നാണ് ആരാധകർ കാത്തിരിക്കുന്ന കാര്യം.ക്ലബിനായി കളിക്കാൻ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റൊണാൾഡോയും പറഞ്ഞിരുന്നു.

വ്യാഴാഴ്‌ചയാണ്‌ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ അടുത്ത മത്സരം. എന്നാൽ ഈ മത്സരത്തിൽ റൊണാൾഡോക്ക് കളിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു കാരണമായി പറയുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് റൊണാൾഡോ ചെയ്‌ത പ്രവൃത്തിക്ക് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകിയ വിലക്കാണ്. കഴിഞ്ഞ സീസണിൽ എവർട്ടൺ ആരാധകനായ ഒരു പയ്യന്റെ ഫോൺ റൊണാൾഡോ എറിഞ്ഞു തകർത്തു കളഞ്ഞിരുന്നു. ഇതിൽ അന്വേഷണം നടത്തിയ എഫ്എ ഒരു മാസം മുൻപാണ് റൊണാൾഡോക്ക് രണ്ടു മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്.

ഇംഗ്ലീഷ് എഫ്എയുടെ അച്ചടക്കനടപടി സൗദി ലീഗിനെ ബാധിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും റൊണാൾഡോക്ക് അക്കാരണം കൊണ്ട് മത്സരം നഷ്‌ടമാകുമെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്. ഗൂഡിസൻ പാർക്കിൽ വെച്ചു നടന്ന മത്സരത്തിനു ശേഷമാണ് സംഭവം നടന്നത്. മത്സരം തോറ്റതിന്റെ നിരാശയിൽ റൊണാൾഡോ വരുന്നതിനിടയിൽ ഫോട്ടോയെടുക്കാൻ ഫോണുമായി ജേക്കബ് ഹാർഡിങ് എന്ന പയ്യൻ ചെന്നപ്പോൾ റൊണാൾഡോ ഫോൺ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിക്കുകയാണ് ചെയ്‌തത്‌. സംഭവത്തിൽ പയ്യന്റെ മാതാവ് റൊണാൾഡൊക്കെതിരെ രൂക്ഷമായ വിമർശനം നടത്തുകയും പരാതി നൽകുകയും ചെയ്‌തിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ് ഫുട്ബോളിലെ രണ്ടു മത്സരങ്ങൾ നഷ്‌ടമാകും. വിലക്ക് നൽകിയത് ഇംഗ്ലീഷ് എഫ്എ ആണെങ്കിലും സൗദി ലീഗിലെ മത്സരങ്ങളെയും ഇത് ബാധിക്കുമെന്നാണ്‌ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങിനെയാണെങ്കിൽ വ്യാഴാഴ്‌ച നടക്കുന്ന മത്സരത്തിനു പുറമെ ഈ മാസം പതിനാലിന് നടക്കുന്ന സൗദി ലീഗിലെ കിരീടപ്പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന അൽ ഷബാബുമായുള്ള മത്സരവും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നഷ്‌ടമായേക്കും.