ബാഴ്‌സലോണയോട് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യമില്ല, പക്ഷെ വിജയം നേടണം: ഏർണസ്റ്റോ വാൽവെർദെ

ഇന്നു രാത്രി ലാ ലിഗ പോരാട്ടത്തിനായി ബാഴ്‌സലോണ ക്യാമ്പ് നൂവിൽ ഇറങ്ങുമ്പോൾ എതിരാളിയായി അപ്പുറത്തുള്ളത് ക്ലബിന്റെ മുൻ പരിശീലകനായ ഏർണസ്റ്റോ വാൽവെർദെ നയിക്കുന്ന അത്‌ലറ്റിക് ബിൽബാവോയാണ്. 2020 ജനുവരിയിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന സമയത്ത് ആരാധകരുടെ സമ്മർദ്ദം മൂലം ബാഴ്‌സലോണ പുറത്താക്കിയ പരിശീലകനാണ് വാൽവെർദെ. ബാഴ്‌സയ്ക്ക് അവസാനമായി സ്‌പാനിഷ്‌ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് വാൽവെർദെ.

രണ്ടര വർഷത്തോളം ബാഴ്‌സലോണ പരിശീലകനായിരുന്ന വാൽവെർദെ രണ്ടു ലീഗ് കിരീടങ്ങൾ ടീമിന് നേടിക്കൊടുക്കുകയും അക്കാലയളവിൽ റയൽ മാഡ്രിഡിനെതിരെ വ്യക്തമായ ആധിപത്യം പുലർത്തുകയും ചെയ്‌തിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ രണ്ടു സീസണുകളിൽ ലീഡ് നേടി അതു തുലച്ചതിന്റെ ഭാഗമായാണ് അദ്ദേഹം ആരാധകർക്കിടയിൽ അപ്രിയനായി മാറിയത്. എന്നാൽ ലീഗിലും ചാമ്പ്യൻസ് ലീഗിലും മുന്നിൽ നിൽക്കുന്ന സമയത്ത് ഒരു പരിശീലകനെ പുറത്താക്കുന്നത് ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ തന്നെ പുറത്താക്കിയതിന്റെ പേരിൽ ബാഴ്‌സയോട് പ്രതികാരം ചെയ്യുക ലക്ഷ്യമല്ലെന്നാണ് വാൽവെർദെ പറയുന്നത്.

“എനിക്ക് വിജയം നേടുവാൻ ആവേശമുണ്ട്, അത് പ്രതികാരത്തിനു വേണ്ടിയല്ല, മൂന്നു പോയിന്റുകൾക്കു വേണ്ടി മാത്രമാണ്. ഞങ്ങൾക്ക് മുന്നിലുള്ള എതിരാളികൾ വളരെ ബുദ്ധിമുട്ടേറിയവരാണ്. ബാഴ്‌സലോണ മികച്ചൊരു സീസണിലൂടെ കടന്നു പോകുന്നു. അവർ മികച്ച പ്രകടനം നടത്തിയാൽ അത് ബുദ്ധിമുട്ടായി മാറും. ഈ ക്ലബിൽ എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്, അവരോട് ഞാൻ ഹലോ പറയും, അതിനപ്പുറം ഇത് മറ്റൊരു മത്സരം മാത്രമാണ്.” വാൽവെർദെ പറഞ്ഞു.

റയൽ മാഡ്രിഡിനോട് എൽ ക്ലാസിക്കോ മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും ബാഴ്‌സലോണ മികച്ച പ്രകടനമാണ് നടത്തുന്നതെന്നാണ് വാൽവെർദെ പറയുന്നത്. മാഡ്രിഡ് ഇപ്പോൾ വളരെ നല്ല ഫോമിലൂടെ കടന്നു പോകുന്ന സമയത്തും എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണക്ക് നിരവധി ചാൻസുകൾ സൃഷ്‌ടിക്കാൻ കഴിഞ്ഞ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാമ്പ്യൻസ് ലീഗിൽ നിന്നും ക്ലബ് ഇതുവരെ പുറത്തു പോയിട്ടില്ലെന്നും ഇനിയും മത്സരങ്ങൾ അവർക്ക് ബാക്കി നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്‌സലോണ പുറത്താക്കിയതിനു ശേഷം രണ്ടു വർഷത്തിലധികം മറ്റൊരു ടീമിന്റെയും പരിശീലകനാവാതിരുന്ന വാൽവെർദെ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് അത്‌ലറ്റിക് ക്ലബിന്റെ പരിശീലകനാവുന്നത്. ലീഗിൽ പത്തു മത്സരങ്ങൾ കളിച്ച അത്‌ലറ്റിക് ക്ലബ് നിലവിൽ ആറാം സ്ഥാനത്താണ്. സ്പെയിനിലെ ബാസ്‌ക് പ്രവിശ്യയിൽ നിന്നു മാത്രമുള്ള താരങ്ങളെ വെച്ചു കളിക്കുന്ന അത്‌ലറ്റിക് ക്ലബ് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ലക്‌ഷ്യം വെക്കുന്നത്.