ശ്വാസം നിലച്ചു പോകുന്ന രംഗങ്ങൾ, ബാഴ്‌സ താരങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് എസ്‌പാന്യോൾ ആരാധകർ | Barcelona

പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെങ്കിലും അതിനിടയിൽ വലിയ ആശ്വാസം നൽകിയാണ് ബാഴ്‌സലോണ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം നേടി ലാ ലിഗ കിരീടം സ്വന്തമാക്കിയത്. കാറ്റലൻ ഡെർബിയിൽ എസ്‌പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്‌സലോണ ഈ സീസണിലെ ലീഗ് കിരീടം തങ്ങളുടെ കൈകളിൽ എത്തിച്ചത്. നാല് ഗോളുകൾ ആദ്യം നേടിയതിനു ശേഷമാണ് ബാഴ്‌സലോണ രണ്ടു ഗോളുകൾ വഴങ്ങിയത്.

ബാഴ്‌സലോണക്കായി റോബർട്ട് ലെവൻഡോസ്‌കി രണ്ടു ഗോളുകൾ നേടിയപ്പോൾ മറ്റു ഗോളുകൾ അലയാൻഡ്രോ ബാൾഡെ, ജൂൾസ് കൂണ്ടെ എന്നിവരുടെ വകയായിരുന്നു. ഹാവി പുവാഡോ, ജോസെലു എന്നിവർ എസ്പാന്യോളിന്റെ ഗോളുകൾ നേടി. വിജയം ഉറപ്പിച്ച ബാഴ്‌സലോണ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഒന്ന് അയഞ്ഞതാണ് ഗോളുകൾ വഴങ്ങാൻ കാരണം. അല്ലെങ്കിൽ മറ്റൊരു ക്ലീൻഷീറ്റ് കൂടി ടീമിന് സ്വന്തമാക്കാൻ കഴിയുമായിരുന്നു.

മത്സരത്തിനു ശേഷം പേടിപ്പെടുത്തുന്ന സംഭവവും ഉണ്ടായി. കിരീടം ഉറപ്പിച്ചതിനു ശേഷം ബാഴ്‌സലോണ താരങ്ങൾ എസ്‌പാന്യോളിന്റെ മൈതാനത്ത് ആഘോഷം നടത്തിയിരുന്നു. വട്ടത്തിൽ നിന്നതിനു ശേഷം ആരാധകർ വിജയത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നതിൽ പ്രകോപിതരായി എസ്‌പാന്യോൾ ആരാധകർ ഇവരെ ആക്രമിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ നിന്നും മൈതാനത്തേക്ക് ഇറങ്ങി. ഇതോടെ ആഘോഷങ്ങൾ നിർത്തി താരങ്ങൾ മൈതാനത്തു നിന്നും ഓടിപ്പോയി.

കാറ്റലോണിയയിൽ നിന്നുള്ള ക്ലബായ എസ്‌പാന്യോൾ ബാഴ്‌സലോണയുടെ പ്രധാന എതിരാളികളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഇവർ തമ്മിൽ നടക്കുന്ന മത്സരങ്ങൾ വളരെ തീവ്രമാവുകയും ചെയാറുണ്ട്. ബാഴ്‌സയെ കിരീടമുയർത്താൻ സമ്മതിക്കില്ലെന്ന് ടീമിന്റെ നായകൻ പറഞ്ഞിരുന്നെങ്കിലും അതിനവർക്ക് കഴിഞ്ഞില്ല. തോൽവിയിലൂടെ ലീഗിൽ നിന്നും തരം താഴ്ത്തപ്പെടാനുള്ള സാധ്യത വർധിച്ചത് കൂടിയാണ് ആരാധകരെ പ്രകോപിതരാക്കിയതെന്നു വേണം കരുതാൻ.

Espanyol Fans Chasing Barcelona Players For Celebrating Title Win