കൂക്കിവിളികളെ നിശബ്‌ദമാക്കി സ്റ്റേഡിയം മുഴുവൻ കയ്യടിച്ചു, മെസിക്കെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് ഗാൾട്ടിയർ | Lionel Messi

ലയണൽ മെസിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് പിഎസ്‌ജിയുടെ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിലും മെസിക്കെതിരെ ശക്തമായ പ്രതിഷേധം ഒരു വിഭാഗം ആരാധകർ ഉയർത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതിന് ശേഷം ഇതുവരെ അഞ്ചോളം തവണ മെസിയെ ആരാധകർ കൂക്കി വിളിച്ചിട്ടുണ്ട്. ഇതിനു പുറമെ മെസിയെ ക്ലബിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി ക്ലബിന്റെ ആസ്ഥാനത്ത് ആരാധകർ പ്രകടനം നടത്തുകയും ചെയ്‌തു.

എന്നാൽ ലയണൽ മെസി ഇതൊന്നും ഗൗനിക്കാതെ തന്റെ ജോലി മൈതാനത്ത് കൃത്യമായി നടത്തുന്നുണ്ടെന്നാണ് പരിശീലകനായ ഗാൾട്ടിയർ പറയുന്നത്. “ലയണൽ മെസി പന്ത് തൊടുന്ന സമയത്തെല്ലാം അദ്ദേഹത്തെ ലക്‌ഷ്യം വെച്ച് കൂക്കിവിളികൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ അതിനു പിന്നാലെ തന്നെ സ്റ്റേഡിയത്തിലെ വലിയൊരു വിഭാഗം കയ്യടികൾ കൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും ആ കൂക്കിവിളികളെ ഇല്ലാതാക്കുകയും ചെയ്‌തു.”

“അതിനു ശേഷം ഞാൻ മനസിലാക്കിയ കാര്യം എന്താണെന്നു വെച്ചാൽ ലയണൽ മെസി ശ്രദ്ധയോടെ, കളിയിൽ വളരെ ഉൾച്ചേർന്നു കൊണ്ടാണിരുന്നത്. ആക്രമണ ബുദ്ധിയോടെ ടീമിനെ നയിച്ച് അവസരങ്ങൾ ഉണ്ടാക്കി താരം മികച്ച പ്രകടനം നടത്തി. നിരവധി ബുദ്ധിമുട്ടേറിയ സംഭവങ്ങൾ കരിയറിൽ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതിനാൽ തന്നെ ഇതുപോലെയുള്ള സാഹചര്യങ്ങളെ നേരിടാൻ താരത്തിന് കഴിയും.” പരിശീലകൻ വ്യക്തമാക്കി.

പിഎസ്‌ജി മധ്യനിര താരമായ റെനാറ്റോ സാഞ്ചസും ലയണൽ മെസിക്ക് നേരെ നടന്ന കൂക്കിവിളികളെ അപലപിച്ചു. ഇത്തരം സംഭവങ്ങൾ മെസിക്ക് മാത്രമല്ല, ക്ലബിനും മറ്റുള്ള താരങ്ങൾക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പോർച്ചുഗൽ താരം പറഞ്ഞത്. മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. മെസി ഗോളൊന്നും നേടിയില്ലെങ്കിലും ടീമിനായി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.

Galtier Reacts To Lionel Messi Being Booed By PSG Fans