എമിലിയാനോ മാർട്ടിനസിന്റെ തന്ത്രത്തിൽ പിറന്നത് ഫ്രീ കിക്ക് ഗോൾ, പ്രശംസയുമായി എതിർടീമിന്റെ പരിശീലകൻ | Emiliano Martinez

താനൊരു സാധാരണ ഗോൾകീപ്പറല്ലെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ള താരമാണ് എമിലിയാനോ മാർട്ടിനസ്. പെനാൽറ്റി ഷൂട്ടൗട്ടിലുള്ള അപാരമായ മേധാവിത്വത്തിനു പുറമെ എതിരാളികളെ മാനസികമായി തളർത്താനും താരത്തിന് കഴിയാറുണ്ട്. അതിനു പുറമെ തന്റെ സഹതാരങ്ങൾക്ക് നിർണായകമായ നിർദ്ദേശങ്ങളും പലപ്പോഴും താരം നൽകാറുണ്ട്. എമിലിയാനോ പെനാൽറ്റി കിക്ക് എടുക്കാനുള്ള തന്ത്രം തനിക്ക് പറഞ്ഞു തന്നത് ഡിബാല മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആസ്റ്റൺ വില്ലയും ടോട്ടനവും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും എമിലിയാനോ മാർട്ടിനസിന്റെ മനോഹരമായൊരു ഇടപെടൽ ഉണ്ടായി. എഴുപത്തിരണ്ടാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്ക് എടുക്കാൻ ആസ്റ്റൺ വില്ല താരം ഡഗ്ലസ് ലൂയിസ് നിൽക്കുമ്പോൾ സ്വന്തം ടീമിലെ താരങ്ങൾ എവിടെ നിൽക്കണമെന്ന നിർദ്ദേശം നൽകിയത് മാർട്ടിനസായിരുന്നു. മധ്യവരയിൽ നിന്ന് താരം നൽകിയ നിർദ്ദേശം സഹതാരങ്ങൾ അനുസരിച്ചപ്പോൾ അത് ഗോളായി മാറുകയും ചെയ്‌തു.

മത്സരത്തിന് ശേഷം ടോട്ടനം ഹോസ്‌പർ താൽക്കാലിക പരിശീലകനായ റയാൻ മേസൺ അർജന്റീന താരത്തെ പ്രശംസിച്ചിരുന്നു. മത്സരത്തിൽ ഏറ്റവും മികച്ചൊരു അവസരം ലഭിച്ചെങ്കിലും അസാധാരണമായ ഒരു സേവിലൂടെ അത് ഗോൾകീപ്പർ തട്ടിയകറ്റിയെന്നും അതിനു പിന്നാലെ ഒരു ഫ്രീ കിക്ക് ഗോൾ അവർ നേടിയത് തിരിച്ചടിയായെന്നും മേസൺ പറഞ്ഞു. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ എമിലിയാനോക്ക് കഴിഞ്ഞില്ല.

ഇതാദ്യമായല്ല ഫ്രീ കിക്ക് എടുക്കുമ്പോൾ എമിലിയാനോ മാർട്ടിനസ് തന്ത്രങ്ങൾ നൽകുന്നത്. ഇതിനു മുൻപ് അർജന്റീനക്കായി കളിക്കുമ്പോൾ ലയണൽ മെസി നേടിയ ഒരു ഗോളിന് സഹതാരങ്ങൾ കൃത്യമായ പൊസിഷനിൽ നിർത്തുന്ന എമിലിയാനോ മാർട്ടിനസിന്റെ വീഡിയോ ചർച്ചയായിരുന്നു. ഒരു മികച്ച ഗോൾകീപ്പറാണു താനെന്ന് വീണ്ടും തെളിയിക്കുന്ന താരത്തിന് ഈ സീസണിനു ശേഷം കൂടുതൽ ഓഫറുകൾ വരാനുള്ള സാധ്യതയുണ്ട്.

Tottenham Hotspur Manager Praise Emiliano Martinez Performance