മാർട്ടിനെല്ലിയെ ബ്രസീൽ ടീമിലുൾപ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധം, ടിറ്റെക്ക് പരിശീലകനാവാൻ യോഗ്യതയില്ലെന്ന് മുൻ താരം
ആഴ്സണൽ താരമായ ഗബ്രിയേൽ മാർട്ടിനെല്ലിയെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ബ്രസീൽ താരവും നിലവിൽ ജേർണലിസ്റ്റുമായ നെറ്റോ രംഗത്ത്. ഈ സീസണിൽ ബ്രസീലിയൻ ക്ലബായ ഫ്ളമങ്ങോക്ക് വേണ്ടി മികച്ച പ്രകടനം നടത്തുകയും കോപ്പ ലിബർട്ടഡോസ് കിരീടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിക്കുകയും ചെയ്ത ഗാബിഗോളിനോട് ടിറ്റെ നീതി പുലർത്തിയില്ലെന്നും നെറ്റോ പറയുന്നു.
ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്സണലിനായി മികച്ച പ്രകടനം നടത്തുന്ന മാർട്ടിനെല്ലിയെ ടീമിന്റെ ഭാഗമാക്കിയ തീരുമാനത്തിന് ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ആ തീരുമാനം നാണക്കേടും ഫുട്ബോളിനോടുള്ള മര്യാദകേടുമാണെന്നുമാണ് നെറ്റോ പറയുന്നത്. ഫുട്ബോളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ടിറ്റെക്ക് പരിശീലകനെന്ന സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നും നെറ്റോ പറയുന്നു.
ഈ സീസണിൽ അഞ്ചു ഗോൾ മാത്രം നേടിയ മാർട്ടിനെല്ലി ഇവിടെയൊരു മാളിലൂടെ നടന്നാൽ ആരും താരത്തെ തിരിച്ചറിയില്ലെന്ന് നെറ്റോ പറഞ്ഞു. അതേസമയം ഈ സീസണിൽ 29 ഗോളുകൾ നേടുകയും കോപ്പ ലിബർട്ടഡോസ് ഫൈനൽ വിജയം നേടാനുള്ള ഗോൾ കുറിക്കുകയും ചെയ്ത ഗാബിഗോളിനെ ടീമിൽ എടുക്കാതിരുന്ന ടിറ്റെയോട് എന്താണ് മാർട്ടിനെല്ലി യൂറോപ്യൻ ഫുട്ബോളിൽ ചെയ്തതെന്നും ആഴ്സണൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പോലുമില്ലല്ലോയെന്നും നെറ്റോ ചോദിക്കുന്നു.
Neto (Brazilian journalist) on Martinelli’s World Cup call-up: “This is a shame, a joke! What is Martinelli’s story? 33 career goals. Calling up Martinelli shows that you, Tite, shouldn’t hold the position you do, you’re not fair to Gabigol.” [@ESPNBrasil via @Sport_Witness] #afc pic.twitter.com/3yIk3BwbYG
— afcstuff (@afcstuff) November 9, 2022
ഗബ്രിയേൽ മാർട്ടിനെല്ലിക്കു പുറമെ മറ്റൊരു ആഴ്സണൽ താരമായ ഗബ്രിയേൽ ജീസസിനെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തെയും നെറ്റോ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിലും ഇത്തവണത്തെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ഒരു ഗോൾ പോലും ജീസസ് നേടിയിട്ടില്ലെന്നത് നെറ്റോ ചൂണ്ടിക്കാട്ടുന്നു. അവസാനത്തെ പത്ത് മത്സരങ്ങളിൽ ആഴ്സണലിനായി ഗോൾ കണ്ടെത്താൻ ജീസസിന് കഴിഞ്ഞിട്ടില്ലെന്ന കാര്യവും നെറ്റോ സൂചിപ്പിച്ചു.