“ഇനി ആ താരത്തെ കളിപ്പിക്കരുത്”- ബ്രെന്റ്ഫോഡിനെതിരായ തോൽവിയിൽ നിരാശരായി ആരാധകർ | Liverpool
ലോകകപ്പിനു ശേഷം നടന്ന ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടി ടോപ് ഫോർ പ്രതീക്ഷകൾ ലിവർപൂൾ സജീവമാക്കിയെങ്കിലും ബ്രെന്റോഫോഡുമായി ഇന്നലെ നടന്ന മത്സരം അതിനെയെല്ലാം തകർക്കുന്നതായിരുന്നു. ബ്രെന്റഫോഡിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ വിജയം നേടിയത്. ടീമിലെ പ്രധാന സ്ട്രൈക്കറായ ഇവാൻ ടോണി കളിക്കാതിരുന്നിട്ടു പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രെന്റഫോഡിനു കഴിഞ്ഞു. ഇതോടെ ലിവർപൂൾ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുമ്പോൾ തൊട്ടു പിന്നിൽ ബ്രെന്റഫോഡുമുണ്ട്.
ഡാർവിൻ നുനസ് വീണ്ടുമൊരു സുവർണാവസരം നഷ്ടമാക്കുന്നത് തുടക്കത്തിൽ തന്നെ കണ്ട മത്സരത്തിൽ പത്തൊൻപതാം മിനുട്ടിൽ തന്നെ ബ്രെന്റഫോഡ് മുന്നിലെത്തി. ബ്രെന്റഫോഡ് എടുത്ത കോർണർ ലിവർപൂൾ പ്രതിരോധതാരം കോനാട്ടയുടെ ദേഹത്തു തട്ടി വലയിൽ കയറുകയായിരുന്നു. നാൽപതാം മിനുട്ടിനു മുൻപ് ബ്രെന്റഫോഡ് രണ്ടു ഗോളുകൾ കൂടി നേടിയെങ്കിലും അവ രണ്ടും ഓഫ്സൈഡായി നിഷേധിക്കപ്പെട്ടു. എന്നാൽ നാല്പത്തിരണ്ടാം മിനുട്ടിൽ ബ്രെന്റഫോഡ് വീണ്ടും മുന്നിലെത്തി. ഒയോനെ വിസയാണ് ഒരു കോർണറിൽ നിന്നും ലഭിച്ച പന്ത് വലയിലേക്ക് തിരിച്ചു വിട്ടത്.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകി നാൽപത്തിയെട്ടാം മിനുട്ടിൽ ഡാർവിൻ നുനസ് ഗോൾ നേടിയെങ്കിലും അതും ഓഫ്സൈഡ് വിളിക്കപ്പെട്ടു. രണ്ടു മിനിട്ടുകൾക്ക് ശേഷം ചേംബർലൈൻ ലിവർപൂളിന് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും അവർക്ക് തിരിച്ചുവരവ് നടത്താൻ കഴിഞ്ഞില്ല. ലിവർപൂൾ ആക്രമണങ്ങൾ പ്രതിരോധിച്ച ബ്രെന്റഫോഡ് എൺപത്തിനാലാം മിനുട്ടിൽ ഒരു പ്രത്യാക്രമണത്തിൽ നിന്നും വീണ്ടും ഗോൾ നേടി. ബ്രയാൻ എംബ്യുമയാണ് ടീമിനായി വലകുലുക്കിയത്. ഇതോടെ വിജയവും വിലപ്പെട്ട മൂന്നു പോയിന്റും ബ്രെന്റ്ഫോഡ് സ്വന്തമാക്കി.
🔔 | Liverpool star slated after performance in 3-1 defeat Brentford, fans can't believe his decline https://t.co/HBulkyZUDG
— SPORTbible News (@SportBibleNews) January 2, 2023
കഴിഞ്ഞ കുറെ മത്സരങ്ങളായി ഡാർവിൻ നുനസ് നഷ്ടമാക്കുന്ന അവസരങ്ങൾ ലിവർപൂളിനു തിരിച്ചടി നൽകുന്നുണ്ടെങ്കിലും ഇന്നലത്തെ മത്സരത്തിനു ശേഷം ആരാധകർ പ്രധാനമായും വിമർശനം നടത്തുന്നത് ബ്രസീലിയൻ മധ്യനിര താരമായ ഫാബീന്യോക്കു നേരെയാണ്. ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന താരത്തിന്റെ ഫോമിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും വേഗതയും കൃത്യതയും നഷ്ടമായിട്ടുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. പന്തിൽ ആധിപത്യം കാത്തുസൂക്ഷിക്കാൻ കഴിയാത്ത താരം അത് നഷ്ടപ്പെടുത്തിയത് ബ്രെന്റഫോഡിന്റെ ആക്രമണങ്ങൾക്ക് വഴി വെച്ചുവെന്നും ആരാധകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പറയുന്നു.
വോൾവ്സുമായുള്ള എഫ്എ കപ്പ് മത്സരമാണ് അടുത്തതായി ലിവർപൂളിന് കളിക്കാനുള്ളത്. അതിനു ശേഷം ബ്രൈറ്റനെതിരെയും അവർ കളിക്കും. പിഎസ്വിയിൽ നിന്നും ലിവർപൂൾ സ്വന്തമാക്കിയ കോഡി ഗാക്പോ ഉടൻ തന്നെ കളിക്കാനിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടോപ് ഫോർ നേടാൻ ലിവർപൂളിന് കഴിയുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്.