മറ്റു താരങ്ങൾക്ക് പെനാൽറ്റി ലഭിക്കുന്നതു പോലെയാണ് മെസിക്ക് ഫ്രീകിക്ക്, പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂവെന്ന് ഡള്ളാസ് പരിശീലകൻ | Messi

ഫ്രീകിക്ക് എടുക്കുന്നതിലുള്ള തന്റെ കഴിവ് ലയണൽ മെസി വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ഒരു ഫ്രീ കിക്ക് ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചാണ് ലയണൽ മെസി ആരംഭിച്ചത്. അതിനു ശേഷം കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമി തോൽവി വഴങ്ങുന്ന ഘട്ടത്തിലെത്തിയപ്പോൾ ഫ്രീ കിക്ക് ഗോളിലൂടെ മെസി ടീമിന് സമനില നേടിക്കൊടുക്കുകയും ചെയ്‌തു.

തങ്ങൾ വിജയം ഉറപ്പിച്ച മത്സരത്തിൽ ലയണൽ മെസിയുടെ മികവിൽ ഇന്റർ മിയാമി തിരിച്ചു വന്നു വിജയം നേടിയതിന്റെ നിരാശയിലും അർജന്റീന താരത്തെ പ്രശംസ കൊണ്ടു മൂടുകയാണ് എഫ്‌സി ഡള്ളാസ് പരിശീലകനായ നിക്കോളാസ് എസ്റ്റവസ്. ലയണൽ മെസിക്ക് ഫ്രീകിക്ക് ലഭിക്കുന്നത് മറ്റു താരങ്ങൾക്ക് പെനാൽറ്റി ലഭിക്കുന്നതിനു തുല്യമാണെന്നും മെസിയെ തടുക്കണമെങ്കിൽ താരത്തിന് എന്തെങ്കിലും അസുഖം വന്നാൽ മാത്രമേ നടക്കുകയുള്ളൂവെന്നുമാണ് എസ്റ്റവസ് പറയുന്നത്.

“അധികമൊന്നും പറയാനില്ല, മറ്റൊരു കളിക്കാരന് പെനാൽറ്റി പോലെയാണ് മെസിക്ക് ബോക്‌സിന് ചുറ്റും ലഭിക്കുന്ന ഫ്രീ കിക്ക്. പന്ത് ബോക്‌സിനു പുറത്തു പോകാനോ, അല്ലെങ്കിൽ കിക്ക് എടുക്കാനുള്ള ഓട്ടത്തിനിടയിൽ മെസി വീഴാനോ വേണ്ടി പ്രാർത്ഥിക്കാനേ നമുക്ക് കഴിയൂ. പതിനാറാം വയസു മുതൽ ഞാൻ മെസിയെ കാണുന്നുണ്ട്, താരത്തെ തടുക്കണമെങ്കിൽ എന്തെങ്കിലും അസുഖം വന്നു കളിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയെ വഴിയുള്ളൂ.” അദ്ദേഹം പറഞ്ഞു.

സ്‌പാനിഷ്‌ പരിശീലകനായ എസ്റ്റവസ് സ്പെയിനിലെ വലൻസിയ ഉൾപ്പെടെയുള്ള ക്ലബുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനു ശേഷം അമേരിക്കൻ ദേശീയ ടീമിന്റെ സഹപരിശീലകൻ ആയതിനു ശേഷമാണ് അദ്ദേഹം എഫ്‌സി ഡള്ളാസിലെക്ക് എത്തുന്നത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. എന്തായാലും മെസിയുടെ ടീമിനെതിരെ മികച്ച പ്രകടനം നടത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതിൽ അഭിമാനിക്കാം.

FC Dallas Coach Praise Lionel Messi