എനിക്കു ഗോളടിക്കാനായില്ലെങ്കിലും അവസരങ്ങളുണ്ടാക്കും, ടീംവർക്കാണ് ഏറ്റവും പ്രധാനമെന്ന് ഫെഡോർ ചെർണിച്ച് | Fedor Cernych

എഫ്‌സി ഗോവക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മറ്റൊരു വിജയം കൂടി ലക്ഷ്യമിട്ട് ഇന്ന് രാത്രി ബെംഗളൂരു എഫ്‌സിയുടെ മൈതാനത്ത് ഇറങ്ങാൻ പോവുകയാണ്. മൂന്നു മത്സരങ്ങളിലെ തോൽവിക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും പൊരുതി ടീം നേടിയ വിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

മത്സരത്തിൽ ആരാധകർക്ക് സന്തോഷം നൽകിയ ഒരു കാര്യം ടീമിലേക്ക് പുതിയതായി എത്തിയ ലിത്വാനിയൻ താരമായ ഫെഡോർ ചെർണിച്ച് നേടിയ ഗോളാണ്. മത്സരം തൊണ്ണൂറാം മിനുട്ടിലേക്ക് കടക്കുന്നതിനു തൊട്ടു മുൻപാണ് ദിമിത്രിയോസിന്റെ പാസ് സ്വീകരിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു ആംഗിളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലെ ആദ്യത്തെ ഗോൾ ലിത്വാനിയൻ നായകൻ സ്വന്തമാക്കിയത്.

അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതിനാൽ ടീമിലെത്തിച്ച ചെർണിച്ചിന്റെ ആദ്യത്തെ ഗോൾ ടീമിനും ആരാധകർക്കും താരത്തിനും ആത്മവിശ്വാസം നൽകുന്നതാണ്. ഇതുപോലെയുള്ള മികച്ച ഗോളുകൾ വളരെ നിർണായകമായ ഈ സമയത്ത് പിറക്കുമെന്ന് ആരാധകർ കരുതുമ്പോൾ ഗോളുകൾ നേടിയില്ലെങ്കിലും അവസരങ്ങൾ ഉണ്ടാക്കി നൽകാൻ തനിക്ക് കഴിയുമെന്നാണ് ചെർണിച്ച് പറയുന്നത്.

“ആദ്യത്തെ ഗോൾ എനിക്ക് ഒരുപാട് സന്തോഷം നൽകിയ ഒന്നായിരുന്നു. ഗോൾ നേടാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ ഞാൻ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി നൽകണം. ആരാണ് ഗോൾ നേടുന്നതെന്നത് പ്രധാനപ്പെട്ട കാര്യമേയല്ല, ടീംവർക്കാണ് ഫുട്ബോളിലെ ഏറ്റവും അടിസ്ഥാനപരമായ കാര്യം.” ലിത്വാനിയൻ നായകൻ കഴിഞ്ഞ ദിവസം പറഞ്ഞു.

ബെംഗളൂരു എഫ്‌സിയുടെ മൈതാനത്തേക്ക് ആത്മവിശ്വാസത്തോടെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മത്സരത്തിൽ വിജയിച്ചാൽ മാത്രമേ കിരീടം നേടാനുള്ള സാധ്യത ടീമിന് നിലനിർത്താൻ കഴിയൂ. ഈ മത്സരത്തിന് ശേഷം സ്വന്തം മൈതാനത്ത് മോഹൻ ബഗാനെതിരെ നടക്കുന്ന മത്സരവും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നിർണായകമാണ്.

Fedor Cernych On First Goal For Kerala Blasters