മോശം ഫോമിലായ ലിവർപൂളിനെ വിൽക്കാൻ ഉടമകൾ ഒരുങ്ങുന്നു
ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിലെ വിൽപ്പനക്ക് വെച്ചതായി റിപ്പോർട്ടുകൾ. പന്ത്രണ്ടു വർഷമായി ക്ലബിന്റെ നേതൃസ്ഥാനത്തുള്ള ഫെൻവേ സ്പോർട്ട്സ് ഗ്രൂപ്പാണ് ലോകമെമ്പാടും വളരെയധികം ആരാധകവൃന്ദമുള്ള ക്ലബ്ബിനെ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. പ്രമുഖ കായികമാധ്യമമായ ദി അത്ലറ്റിക്കാണ് ലിവർപൂളിനെ അമേരിക്ക ഉടമകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നുവെന്ന വാർത്ത പുറത്തു വിട്ടത്.
2010ൽ ജോർജ് ഗില്ലറ്റ്, ടോം ഹിക്ക്സ് എന്നിവരിൽ നിന്നാണ് ലിവർപൂളിനെ ഫെൻവേ സ്പോർട്ട്സ് ഗ്രൂപ്പ് വാങ്ങുന്നത്. 2005ൽ ഫുട്ബോൾ ആരാധകർ ഒരിക്കലും മറക്കാത്തൊരു ഫൈനലിൽ മിലാനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു ശേഷം പിന്നീട് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന ക്ലബായിരുന്നു ലിവർപൂൾ. അവരെ വീണ്ടും യൂറോപ്പിലെ പ്രമുഖ ക്ലബാക്കി മാറ്റാനും കിരീടങ്ങൾ സ്വന്തമാക്കി നൽകാനും നിലവിലെ ഉടമകൾക്ക് കഴിഞ്ഞിട്ടുണ്ട്.
ജർമൻ പരിശീലകനായ യാർഗൻ ക്ളോപ്പിനെ ടീമിലെത്തിച്ചതാണ് ഫെൻവേ സ്പോർട്ട്സ് ഗ്രൂപ്പിനെ സംബന്ധിച്ച് നിർണായകമായ കാര്യം. അദ്ദേഹം എത്തിയതിനു ശേഷം പടിപടിയായി വളർന്ന ലിവർപൂൾ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുകയുണ്ടായി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയ ലിവർപൂളിന് ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലീഗ് നഷ്ടമായത്. പുതിയ ഉടമകൾ ഏറ്റെടുത്താൽ ക്ളോപ്പിന്റെ സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്.
ക്ലബ്ബിനു പുതിയ ഉടമകളെ അന്വേഷിക്കുന്ന ഫെൻവേ സ്പോർട്ട്സ് ഗ്രൂപ്പ് അതിനു വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ബാങ്കിങ് രംഗത്തെ പ്രധാനികളായ ഗോൾഡ്മാൻ സാച്ച്സ്, മോർഗൻ സ്റ്റാൻലി എന്നിവരാണ് ഇക്കാര്യത്തിൽ ക്ലബ്ബിനെ സഹായിക്കുന്നത്. അതേസമയം ലിവർപൂളിനെ പെട്ടന്ന് വിൽക്കാൻ തീരുമാനിക്കാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.