ഖത്തർ ലോകകപ്പ് വമ്പൻ വിജയമായതോടെ ഫിഫ മാറിചിന്തിക്കുന്നു, ഫുട്ബോളിൽ വിപ്ലവമാറ്റം വരും

ഖത്തർ ലോകകപ്പ് വമ്പൻ വിജയമായി മാറിയതിനു പിന്നാലെ ടൂർണമെന്റ് മൂന്നു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാനുള്ള പദ്ധതികളുമായി ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോ. നിലവിൽ നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ടൂർണമെന്റ് ഫുട്ബാളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ കൂടി ഭാഗമായാണ് മൂന്നു വർഷത്തിലൊരിക്കൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. കൃത്യമായ പദ്ധതികൾ തയ്യാറാക്കിയതിനു ശേഷം ഇത് നടപ്പിൽ വരുത്തുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾ ഫിഫ ആരംഭിക്കും.

ഖത്തറിലെ ടൂർണമെന്റ് വാണിജ്യപരമായും കായികപരമായും വലിയ വിജയമാണ് ഉണ്ടാക്കിയത്. സാധാരണ ജൂൺ മാസങ്ങളിൽ നടത്താറുള്ള ലോകകപ്പ് ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തുകയെന്ന തീരുമാനം വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ഇത് ലോകകപ്പിനു കൂടുതൽ ആഗോളീകരിക്കാനുള്ള ശ്രമങ്ങൾക്കും പിന്തുണ നൽകുന്നതാണ്. ഇതോടെ ഏഷ്യൻ രാജ്യങ്ങളിൽ ലോകകപ്പ് നടക്കാനുള്ള സാധ്യതയും കൂടുതലാവും.

ക്ലബ് സീസണിന്റെ ഇടയിൽ ലോകകപ്പ് നടത്തുകയെന്നത് കളിക്കാരെ തളർത്തുമെന്നും കൂടുതൽ പരിക്കിന്റെ പ്രശ്‌നങ്ങൾ വരുത്തുമെന്നുമുള്ള ആശങ്കകൾ വന്നെങ്കിലും അതൊന്നും ടൂർണമെന്റിന്റെ ബാധിച്ചില്ല. പരിക്കുകൾ സാധാരണ പോലെ തന്നെ ഉണ്ടായപ്പോൾ വളരെ നിലവാരമുള്ള മത്സരങ്ങളാണ് ടൂർണമെന്റിലുടനീളം നടന്നത്. ഒട്ടനവധി അട്ടിമറികളും കണ്ട ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിനും സാക്ഷ്യം വഹിച്ചു.

ഈ ലോകകപ്പിൽ 6.2 ബില്യൺ പൗണ്ട് എന്ന റെക്കോർഡ് വരുമാനമാണ് ഉണ്ടായിരിക്കുന്നത്. 2018 ലോകകപ്പിനെ അപേക്ഷിച്ച് 840 മില്യൺ പൗണ്ട് അധികവരുമാനം ഖത്തർ ലോകകപ്പ് ഉണ്ടാക്കി. ഇതുകൂടി ഉന്നം വെച്ചാണ് മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതി ഫിഫ വിഭാവനം ചെയ്യന്നത്. അതേസമയം ഈ തീരുമാനം യൂറോ കപ്പ്, കോപ്പ അമേരിക്ക തുടങ്ങിയ വിവിധ ഭൂഖണ്ഡങ്ങളിൽ നടക്കുന്ന ടൂർണമെന്റുകളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.

നേരത്തെ രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്താനുള്ള പദ്ധതി ഫിഫ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങർ മുന്നോട്ടു വെച്ചെങ്കിലും യുവേഫ, കോൺമെബോൾ തുടങ്ങിയവർ അതിനെ ശക്തമായി എതിർത്തു. 2031 വരെ ഇന്ഫന്റിനോ ഫിഫ പ്രസിഡന്റായി തുടരാനുള്ള സാധ്യതയുള്ളതിനാൽ 2030 ലോകകപ്പിന് ശേഷം ഈ മാറ്റം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.