“ബെഞ്ചിലിരിക്കാൻ ഇത്രയും തുക മുടക്കി ഒരാളെ സ്വന്തമാക്കേണ്ട കാര്യമില്ല”- റൊണാൾഡോ ട്രാൻസ്ഫർ നിഷേധിച്ച് ബ്രസീലിയൻ ക്ലബ്
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാനുള്ള സാധ്യതകൾ നിഷേധിച്ച് ബ്രസീലിയൻ ക്ലബായ ഫ്ലാമംഗോയുടെ പ്രസിഡന്റായ റോഡോൾഫോ ലാൻഡിം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റൊണാൾഡോയെ അടുത്തിടെ കോപ്പ ലിബർട്ടഡോസ് ചാമ്പ്യന്മാരായ ക്ലബ് സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബെഞ്ചിലിരിക്കാൻ വേണ്ടി ഒരു താരത്തെ ഇത്രയും തുക നൽകി സ്വന്തമാക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
“എവിടെ നിന്നാണ് ഇതെല്ലാം വരുന്നതെന്ന് എനിക്കറിയില്ല, അവർക്ക് വലിയ സർഗശേഷിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ആദ്യമായി ഞാൻ ചോദിക്കുന്നത് ആരുടെ സ്ഥാനത്തേക്കെന്നാണ്. ബെഞ്ചിലിരിക്കാനോ?” ലാൻഡിം പറഞ്ഞത് റെക്കോർഡ് റിപ്പോർട്ടു ചെയ്തു. അതിനു പുറമെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുന്നത് സാമ്പത്തികപരമായി ക്ലബിന് ഒരിക്കലും സാധ്യമായ കാര്യമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
“ഞാൻ ഇന്റർനെറ്റിൽ നിന്നും വായിച്ചതു പ്രകാരം, അത് ശരിയാണോ നുണയാണോ എന്നെനിക്കറിയില്ലെങ്കിലും, താരത്തിന് രണ്ടു വർഷത്തെ കരാറിനായി 242 മില്യൺ ഡോളർ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെ 24 കൊണ്ടു ഹരിച്ചാൽ മാസത്തിൽ പത്തു മില്യൺ ഡോളറാകും. അതു ഫ്ലാമംഗോയുടെ മൊത്തം ശമ്പള ബില്ലിനെക്കാൾ കൂടുതലാണ്. പെഡ്രോയുടെയോ ഗാബിഗോളിന്റെയോ പകരക്കാരനാവാനാണോ ഇത്. ആരും ഇവിടെ ഭ്രാന്തുള്ള കാര്യങ്ങൾ പ്രവർത്തിക്കാൻ പോകുന്നില്ല.” അദ്ദേഹം വ്യക്തമാക്കി.
"First of all, I ask: For whose place? It's to be on the bench."
— Man United News (@ManUtdMEN) November 4, 2022
Flamengo president rubbishes Ronaldo rumours #mufc https://t.co/pxioia38gh pic.twitter.com/iy1xmvYY4K
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടുമെന്ന വാർത്തകൾ ശക്തമായി ഉയരുന്നുണ്ട്. എന്നാൽ ബ്രസീലിയൻ ലീഗിലേക്കുള്ള ട്രാൻസ്ഫർ താരം പരിഗണിക്കില്ലെന്ന കാര്യം ഉറപ്പാണ്. യൂറോപ്പിൽ തന്നെ തുടരാനും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിൽ കളിക്കാനുമാണ് റൊണാൾഡോക്ക് താൽപര്യം. എന്നാൽ ഇത്രയും വേതനം നൽകി മുപ്പത്തിയെട്ടു വയസുള്ള താരത്തെ ടീമിന്റെ ഭാഗമാക്കാൻ താൽപര്യമുള്ള ക്ലബുകൾ കുറവാണ്.