മെസിക്കും അർജന്റീനക്കുമൊപ്പം കളിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ സ്വഭാവം മോശമാക്കി, വിമർശനവുമായി സ്‌കോൾസ്

അനാവശ്യമായ വിമർശനങ്ങൾ നടത്തി ആരാധകരിൽ നിന്നും പൊങ്കാല വാങ്ങുന്ന സ്വഭാവമുള്ളയാളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്‌കോൾസ്. ഒരാഴ്‌ച മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിനിടെ ബ്രസീലിയൻ താരം ആന്റണി ചെയ്‌ത സ്‌കില്ലിനെതിരെ വിമർശനം നടത്തിയ താരത്തിനെതിരെ ആരാധകർ രംഗത്തു വന്നിരുന്നു. ടോട്ടനത്തിനെതിരായ മത്സരം അവസാനിക്കുന്നതിനു മുൻപ് മൈതാനം വിട്ട റൊണാൾഡോയെ ന്യായീകരിച്ച സ്‌കോൾസാണ് ആന്റണിയെ വിമർശിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

റയൽ സോസിഡാഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ ഗോൾ നേടിയത് അർജന്റീന താരം അലസാൻഡ്രോ ഗർനാച്ചോ ആയിരുന്നു. സീസണിന്റെ തുടക്കത്തിൽ മോശം സ്വഭാവത്തിന്റെ പേരിൽ പരിശീലകൻ എറിക് ടെൻ ഹാഗ് തഴഞ്ഞ താരം ഇപ്പോൾ അതെല്ലാം തിരുത്തി കഴിഞ്ഞ രണ്ടു യൂറോപ്പ ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. സീസണിന്റെ തുടക്കത്തിൽ താരത്തിന്റെ മനോഭാവം മോശമാകാൻ കാരണം അതിനു തൊട്ടു മുൻപ് താരം അർജന്റീന ടീമിലും ലയണൽ മെസിക്കുമൊപ്പം ഉണ്ടായിരുന്നതു കൊണ്ടാണെന്നാണ് സ്‌കോൾസ് പറയുന്നത്.

“ഇന്നു താരം മികച്ച പ്രകടനം നടത്തി, എന്നാൽ ഞങ്ങൾ അവനിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് താരത്തിനറിയാം. പ്രീ സീസണിൽ അവൻ മികച്ച രീതിയിലല്ല തുടങ്ങിയത്. ഒരാൾക്ക് ഉണ്ടാകേണ്ടിയിരുന്ന മനോഭാവമല്ല അപ്പോൾ താരത്തിന് ഉണ്ടായിരുന്നിട്ടുണ്ടാവുക. എന്നാലിപ്പോൾ താരം മാറിയിരിക്കുന്നു, അത് താരത്തിന്റെ പ്രകടനത്തിൽ നിന്നു തന്നെ മനസിലാക്കാൻ കഴിയും.” സ്‌കോൾസ് പറഞ്ഞു. ലയണൽ മെസിക്കൊപ്പം ദേശീയ ടീമിലുണ്ടായിരുന്നത് അതിനു കാരണമായിരിക്കാമെന്നും അദ്ദേഹം പറയുന്നു.

“അത് പ്രീ സീസണിന്റെ ഇടയിൽ തന്നെ പറഞ്ഞിരുന്നു. താൻ കൂടുതൽ വലുതായെന്നു താരത്തിന് തോന്നിയിരിക്കാം. അവൻ അർജന്റീനക്കൊപ്പം പോവുകയും മെസിക്കൊപ്പം കളിക്കുകയും ചെയ്‌തു. തിരിച്ചു വന്നതിനു ശേഷം ഞാൻ വലിയൊരു താരമാണെന്നും ഈ ടീമിന്റെ ഭാഗമാണെന്നുമുള്ള ചിന്താഗതി അവനിൽ സൃഷ്‌ടിക്കപ്പെട്ടിരിക്കാം. ചെറുപ്പക്കാരനായ ഗർനാച്ചോ സ്വയം മനസിലാക്കി തിരുത്തും, ഞങ്ങളതിന്റെ ഗുണങ്ങൾ അനുഭവിക്കുകയും ചെയ്യും.” സ്‌കോൾസ് പറഞ്ഞു.