ഒരു പോറലെങ്കിലും സംഭവിച്ചവർ വീട്ടിലിരിക്കും, ലോകകപ്പ് സ്‌ക്വാഡ് സംബന്ധിച്ച നിലപാട് വ്യക്തമാക്കി ലയണൽ സ്‌കലോണി

ലോകകപ്പ് അടുത്തിരിക്കെ അർജന്റീന ടീമിലെ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നത് ടീമിനെ സംബന്ധിച്ച് വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. പൗലോ ഡിബാല, ഏഞ്ചൽ ഡി മരിയ, ജിയോവാനി ലോ സെൽസോ, ലിയാൻഡ്രോ പരഡെസ്, എമിലിയാനോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ എന്നീ താരങ്ങളാണ് നിലവിൽ പരിക്കിന്റെ പിടിയിലുള്ളത്. ഇതിൽ ഡിബാല, ലോ സെൽസോ എന്നീ താരങ്ങൾക്ക് ലോകകപ്പ് നഷ്‌ടമാകുമെന്നാണ് നിലവിലെ സൂചനകൾ.

അതേസമയം ചെറിയ പരിക്കുള്ള താരങ്ങൾക്ക് പോലും ഇത്തവണ ലോകകപ്പ് ടീമിൽ ഇടം നൽകില്ലെന്നാണ് പരിശീലകൻ ലയണൽ സ്‌കലോണി പറയുന്നത്. സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് അവസാന ദിവസം വരെ കാത്തിരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം പക്ഷെ ചെറിയൊരു പോറൽ പോലുമുണ്ടെങ്കിൽ ഒരു താരത്തെയും ടീമിന്റെ ഭാഗമാക്കില്ലെന്ന് വ്യക്തമാക്കി. ലോകകപ്പ് ടീമിൽ ഇടം നേടാൻ അർജന്റീന താരങ്ങൾ ഫിറ്റ്നസ് പൂർണമായും ഉറപ്പാക്കണമെന്നു തന്നെയാണ് സ്‌കലോണിയുടെ വാക്കുകൾ തെളിയിക്കുന്നത്.

“തീരുമാനമെടുക്കാൻ ഞങ്ങൾ ക്ലബുകളിൽ നിന്നും കൂടുതൽ വാർത്തകൾ കാത്തിരിക്കുകയാണ്. ലിസ്റ്റ് നൽകാൻ ഇനിയും സമയമുള്ളതിനാൽ അടുത്ത ഒന്നോ രണ്ടോ ആഴ്‌ചയിൽ താരങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്നറിയാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാൽ ഇതു ഞങ്ങൾക്കെല്ലാവർക്കും സങ്കീർണമായ കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല.”

“നിരവധി താരങ്ങളെ കളിക്കാൻ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നതിനാൽ ഞങ്ങൾ അന്തിമ പ്രഖ്യാപനം നടത്തുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കും. ചെറിയ പോറലെങ്കിലുമുള്ള ഏതൊരാളും വീട്ടിലിരിക്കുമെന്നതാണ് എന്റെ ആശയം. ആദ്യ മത്സരം കളിക്കാനുള്ള ഫിറ്റ്നസുള്ള താരങ്ങൾ മാത്രമേ ഖത്തറിലേക്കുള്ള വിമാനത്തിൽ ഉണ്ടാവുകയുള്ളൂ.” സ്‌കലോണി വ്യക്തമാക്കി.