“ഞങ്ങളാണെങ്കിൽ ചുവപ്പുകാർഡ്, റയൽ മാഡ്രിഡാവുമ്പോൾ ഒന്നുമില്ല”- രൂക്ഷ വിമർശനവുമായി ലംപാർഡ് | Frank Lampard

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നടന്ന ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയിങ്ങിലെ പക്ഷപാതപരമായ സമീപനത്തെക്കുറിച്ച് വിമർശനവുമായി ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവിയാണു ചെൽസി വഴങ്ങിയത്. ഇതോടെ ഈ സീസണിൽ ആകെയുണ്ടായിരുന്ന ഒരേയൊരു കിരീടപ്രതീക്ഷയും ചെൽസിക്ക് ഇല്ലാതാവുകയും ചെയ്‌തു.

അതേസമയം മത്സരത്തിന്റെ അവസാനത്തെ മുപ്പതു മിനുട്ടുകൾ റയൽ മാഡ്രിഡ് പത്ത് പേരുമായി കളിക്കേണ്ടതാണെന്നും എന്നാൽ റഫറി അർഹിച്ച ചുവപ്പുകാർഡ് നൽകിയില്ലെന്നുമാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ് പറയുന്നത്. രണ്ടാം പകുതിയിൽ ചെൽസി താരം ചലബോവിനെ എഡർ മിലിറ്റാവോ ഫൗൾ ചെയ്‌തിരുന്നു. നേരത്തെ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്ന താരത്തിന് ആ ഫൗളിൽ രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകേണ്ടതായിരുന്നുവെന്നാണ് ലാംപാർഡ് വിശ്വസിക്കുന്നത്.

ഇതുപോലെയുള്ള മത്സരങ്ങളിൽ ഒഫിഷ്യൽസ് ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കണം എന്നാണു ലാംപാർഡ് മത്സരത്തിന് ശേഷം പറഞ്ഞത്. ആ ഫൗളിന് മിലിറ്റാവോ ചുവപ്പുകാർഡ് അർഹിച്ചിരുന്നുവെന്നും അത് നൽകിയിരുന്നെങ്കിൽ അവസാന മുപ്പതു മിനുട്ട് തങ്ങൾക്ക് ആനുകൂല്യം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യപാദത്തിൽ ചെൽസിക്ക് ചുവപ്പുകാർഡ് നൽകിയ റഫറി അതെ സംഭവം റയലിന് വന്നപ്പോൾ കാർഡ് ഉയർത്തിയില്ലെന്നും ലംപാർഡ് കുറ്റപ്പെടുത്തി.

ആദ്യപാദ മത്സരത്തിൽ ചെൽസി അവസാനത്തെ അര മണിക്കൂർ പത്ത് പേരുമായാണ് കളിച്ചിരുന്നത്. ലാസ്റ്റ് മാൻ ഫൗൾ നടത്തിയതിനു ലെഫ്റ്റ് ബാക്കായ ചിൽവെൽ ചുവപ്പുകാർഡ് നേടി പുറത്തു പോയിരുന്നു. സമാനമായ രീതിയിലുള്ള ഫൗൾ നടത്തിയ മിലിറ്റാവോ ഡയറക്റ്റ് ചുവപ്പുകാർഡ് അര്ഹിക്കുന്നില്ലെങ്കിലും രണ്ടാം മഞ്ഞക്കാർഡ് അർഹിച്ചിരുന്നെന്നും അത് നൽകിയില്ലെന്നുമാണ് ലംപാർഡ് ആരോപിക്കുന്നത്.

ചാമ്പ്യൻസ് ലീഗിൽ തോൽവി വഴങ്ങിയതോടെ ഈ സീസണിൽ ചെൽസിക്കിനി യാതൊരു പ്രതീക്ഷയുമില്ല. അടുത്ത സീസണിൽ യൂറോപ്പിലെ ഒരു ടൂര്ണമെന്റിലും കളിക്കാനുള്ള സാധ്യതയും ടീമിനില്ല. അതേസമയം തുടർച്ചയായ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് നോട്ടമിടുന്നത്. മാഞ്ചസ്റ്റർ സിറ്റിയോ ബയേൺ മയൂണിക്കോ ആയിരിക്കും ചെൽസിയുടെ എതിരാളികൾ.

Content Highlights: Frank Lampard Furious Militao Wasn’t Get Red Card