വാങ്ങിക്കൂട്ടിയ താരങ്ങൾ ടീമിന് ആവശ്യമായിരുന്നില്ല, വിമർശനവുമായി തിയാഗോ സിൽവ | Chelsea

ഈ സീസണിൽ ചെൽസിയുടെ ആകെയുള്ള കിരീടപ്രതീക്ഷ ചാമ്പ്യൻസ് ലീഗായിരുന്നു. എന്നാൽ റയൽ മാഡ്രിഡിനോട് രണ്ടു പാദങ്ങളിലുമായി എതിരില്ലാത്ത നാല് ഗോളിന്റെ തോൽവി വഴങ്ങി ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തു പോയതോടെ ചെൽസിയുടെ ആ പ്രതീക്ഷയും ഇല്ലാതായിട്ടുണ്ട്. ഇതോടെ അടുത്ത സീസണിൽ ഒന്നിൽ നിന്നും തുടങ്ങേണ്ട സാഹചര്യമാണ് ടീമിനുള്ളത്.

ഈ സീസണിൽ മാത്രം നാല് പരിശീലകനാണ് ചെൽസി ടീമിനെ നയിച്ചത്. ആദ്യം ടുഷെലിനെ പുറത്താക്കി ഗ്രഹാം പോട്ടറെ ടീമിലെത്തിച്ചെങ്കിലും അദ്ദേഹവും മോശം ഫോം കാരണം പുറത്തു പോയി. അതിനു ശേഷം താൽക്കാലിക പരിശീലകനായി ബ്രൂണോ സാൾട്ടയർ, ഫ്രാങ്ക് ലാംപാർഡ് എന്നിവരുമെത്തുകയുണ്ടായി. ഇതിനു പുറമെ കഴിഞ്ഞ സമ്മറിലും ഈ ജനുവരി ജാലകത്തിലുമായി നിരവധി സൈനിംഗുകളും ചെൽസി നടത്തി.

ഇന്നലത്തെ തോൽവിക്ക് ശേഷം ദിശാബോധമില്ലാതെ പരിശീലകരെ പുറത്താക്കുകയും താരങ്ങളെ സ്വന്തമാക്കുകയും ചെയ്‌ത മാനേജ്‌മെന്റിനെതിരെ ചെൽസിയുടെ മുതിർന്ന താരമായ തിയാഗോ സിൽവ പരോക്ഷമായ വിമർശനം നടത്തുകയുണ്ടായി. “ആദ്യത്തെ ചുവടുവെപ്പ് നടത്തിയത് തന്നെ ശരിയായ ചുവടായിരുന്നില്ല, പക്ഷെ അത് സംഭവിച്ചു കഴിഞ്ഞിരുന്നു.” ബ്രസീലിയൻ താരം മത്സരത്തിന് ശേഷം പറഞ്ഞു.

“ഞങ്ങൾ ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ പരിശീലകരെ പഴിചാരിയിട്ട് യാതൊരു കാര്യവുമില്ല. ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുത്ത ക്ലബ്ബിനെ സംബന്ധിച്ച് ഇതൊരു കടുപ്പമേറിയ തീരുമാനമായിരുന്നു. ഉടമ മാറിയത്, പുതിയ താരങ്ങൾ എത്തിയത്. സ്‌ക്വാഡിനെ കൃത്യമായി ഉൾക്കൊള്ളിക്കാൻ കഴിയാത്തതിനാൽ ഡ്രസിങ് റൂം വലിപ്പം കൂട്ടേണ്ടി വന്നു.” സിൽവ പരിഹാസത്തോടെ പറഞ്ഞു.

രണ്ടു ട്രാൻസ്‌ഫർ ജാലകങ്ങളിലായി വമ്പൻ താരങ്ങളെ സ്വന്തമാക്കിയെങ്കിലും ടീമിനു ആവശ്യമില്ലാത്ത കളിക്കാരെ ഒഴിവാക്കാൻ ചെൽസി തയ്യാറായിരുന്നില്ല. ടീമിൽ എത്തിയ പലരും മികച്ച പ്രകടനം നടത്താൻ കഴിയാതെ പതറുകയും ചെയ്യുന്നു. പല താരങ്ങൾക്കും വമ്പൻ കരാറാണ് നൽകിയിരിക്കുന്നത് എന്നതിനാൽ തന്നെ ഭാവിയിൽ ഇത് ചെൽസിക്ക് കൂടുതൽ തിരിച്ചടി നൽകാനുള്ള സാധ്യതയുണ്ട്.

Content Highlights: Thiago Silva Blames Chelsea Owners For Poor Form