ബ്രസീലിന്റെ രണ്ടു താരങ്ങൾ ഇനി ലോകകപ്പ് കളിക്കില്ല

ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി ഇറങ്ങിയ ബ്രസീലിനു തിരിച്ചടി നൽകി രണ്ടു താരങ്ങൾ ഇനി ടൂർണമെന്റിൽ കളിക്കില്ലെന്നു റിപ്പോർട്ടുകൾ. ആഴ്‌സനലിനെ മുന്നേറ്റനിര താരമായ ഗബ്രിയേൽ ജീസസ്, സെവിയ്യ ലെഫ്റ്റ് ബാക്കായ അലക്‌സ് ടെല്ലസ് എന്നിവർക്കാണ് ലോകകപ്പ് നഷ്‌ടമാവുകയെന്ന് ബ്രസീലിയൻ മാധ്യമമായ ജിഗ്ലോബോ റിപ്പോർട്ടു ചെയ്യുന്നു. രണ്ടു താരങ്ങളും കാമറൂണിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

ഗബ്രിയേൽ ജീസസിനും ടെല്ലസിനും മുട്ടുകാലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ജീസസിന് നാലാഴ്‌ച പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോട്ടുകൾ. അതേസമയം ടെല്ലസിനു ശസ്ത്രക്രിയ വേണമെന്നും കൂടുതൽ കാലം വിശ്രമം വേണ്ടി വരുമെന്നും പറയുന്നു. ഇന്നലെ ആദ്യ ഇലവനിൽ ഇറങ്ങിയ രണ്ടു കളിക്കാർക്കും മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ടെല്ലസിനു പരിക്ക് പറ്റിയതിനെ തുടർന്നാണ് മത്സരത്തിൽ നിന്നും പിൻവലിച്ചത്.

ബ്രസീലിന്റെ മൂന്നു കളിക്കാർ ഇപ്പോൾ തന്നെ പരിക്കേറ്റു വിശ്രമത്തിലാണ്. നെയ്‌മർ, ഡാനിലോ. അലക്‌സ് സാൻഡ്രോ എന്നിവരാണ് ഇപ്പോൾ പരിക്കേറ്റു പുറത്തിരിക്കുന്നത്. ഇവർ പ്രീ ക്വാർട്ടറിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. അതിനാൽ തന്നെ പുതിയ താരങ്ങളുടെ പരിക്ക് കാനറികൾക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തിൽ തന്നെ പ്രധാന താരങ്ങളില്ലാതെ ഇറങ്ങിയ ബ്രസീൽ തോൽവി നേരിട്ടിരുന്നു.