ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, ഓസ്‌ട്രേലിയക്കെതിരേയ വിജയത്തിനു ശേഷം ലയണൽ മെസി

ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിലെ വിജയത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ലയണൽ മെസി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസി, ജൂലിയൻ അൽവാരസ് എന്നിവർ അർജന്റീനയുടെ ഗോളുകൾ നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ ഗോൾ അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ വക സെൽഫ് ഗോളായിരുന്നു.

“ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരുന്നു, വളരെ സങ്കീർണവും. ഞങ്ങൾക്ക് വളരെ കുറച്ച് വിശ്രമം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ മത്സരങ്ങളുടെ ക്ഷീണം ശരിക്കും മാറാതെയാണ് ഞങ്ങൾ ഈ മത്സരത്തിനെത്തിയത്. കായികപരമായ പോരാട്ടം കൂടിയ മത്സരമായിരുന്നു ഇത്. എങ്കിലും ഞങ്ങളതിനെ മറികടന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.”

“ഞങ്ങൾ പൂർണമായും നിയന്ത്രിച്ച ഒരു മത്സരമായിരുന്നു ഇത്, അതിനെ പൂർണമായും ഞങ്ങളുടെ മാത്രമാക്കാനും കഴിയേണ്ടതായിരുന്നു. ഇത് വളരെ മികച്ച അനുഭവമാണ്, ഈ സന്തോഷം ആരാധകർക്കൊപ്പം പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇവിടെ വരാൻ എത്രത്തോളം അധ്വാനിച്ചിട്ടുണ്ടാകും. അർജന്റീന മുഴുവൻ ഇവിടെ വേണമെന്നാണ് എന്റെ ആഗ്രഹം.”

“ആരാധകരുടെ ആവേശവും ഊർജ്ജവും സന്തോഷവും അവിശ്വസനീയമായ ഒന്നായിരുന്നു. അവരതിൽ ജീവിക്കുന്നവരായതിനാൽ തന്നെ ബുദ്ധിമുട്ടും സന്തോഷവും ഒരുപോലെ അനുഭവിക്കുന്നു. എല്ലാ അർജന്റീനക്കാരും ആവേശത്തിലാണ്. ഞങ്ങൾ ചെറിയൊരു ചുവടു വെച്ച്, ബുധിമുട്ടേറിയത് വരാനിരിക്കുന്നതേയുള്ളൂ.” മെസി പറഞ്ഞു.