ആരാണ് ശരിക്കും മാൻ ഓഫ് ദി മാച്ച്, മെസി പറയുന്നു

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇന്നലെ നടന്ന മത്സരത്തിൽ മെസിയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ അർജന്റീന വിജയം നേടിയിരുന്നു. ഒരു ഗോൾ നേടിയതിനു പുറമെ കളം നിറഞ്ഞു കളിച്ച മെസി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ തനിക്കല്ലെങ്കിൽ ആർക്കാണ് ആ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകുകയെന്ന് മെസി വെളിപ്പെടുത്തുകയുണ്ടായി.

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അർജന്റീന പ്രതിരോധനിരയെയാണ് മെസി പ്രശംസിക്കുന്നത്. അവരുടെ തകർപ്പൻ പ്രകടനമാണ് വിജയം നേടാൻ കാരണമായതെന്ന് മെസി പറയുന്നു. പ്രതിരോധനിരയിലെ ഓരോ താരങ്ങളും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം അർഹിക്കുന്നുവെന്നു പറഞ്ഞ ലയണൽ മെസി അതിൽ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ അത് ടോട്ടനം ഹോസ്‌പർ പ്രതിരോധതാരം ക്രിസ്റ്റ്യൻ റോമെറോ ആയിരിക്കുമെന്നും പറഞ്ഞു.

മത്സരത്തിൽ അർജന്റീന പ്രതിരോധം മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. കെട്ടുറപ്പോടെ പ്രതിരോധം നിന്നപ്പോൾ ഗോളിലേക്ക് ഒരു ഷോട്ട് മാത്രമാണ് ഓസ്‌ട്രേലിയക്ക് ഉതിർക്കാൻ കഴിഞ്ഞത്. എൻസോ ഫെർണാണ്ടസിന്റെ ദേഹത്തു തട്ടി വലയിലേക്ക് കയറിയ ആ ഗോൾ ഇല്ലായിരുന്നെങ്കിൽ അർജന്റീനക്ക് ക്ലീൻ ഷീറ്റും സ്വന്തമാക്കാമായിരുന്നു.