വിമർശിക്കുന്നവർ കരുതിയിരിക്കുക, അർജന്റീന താരം പ്രതികാരം ചെയ്യുമെന്ന് ലയണൽ സ്‌കലോണി

ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അൽപ്പം വിറച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ലീഡ് വർധിപ്പിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അത് കൃത്യമായി മുതലാക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. മുന്നേറ്റനിര താരമായ ലൗടാരോ മാർട്ടിനസിന്റെ പിഴവുകളായിരുന്നു ഇതിനു കാരണം. രണ്ടു സുവർണാവസരമാണ് താരം ഗോളി മാത്രം മുന്നിൽ നിൽക്കേ തുലച്ചു കളഞ്ഞത്.

അവസരങ്ങൾ തുലച്ചു കളഞ്ഞതിന്റെ പേരിൽ ലൗറ്റാറോ മാർട്ടിനസിനെതിരെ വളരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അർജന്റീന ആരാധകരെല്ലാം താരത്തെ പഴിക്കുന്നു. ലോകകപ്പ് ടീമിൽ നിന്നും താരത്തെ പുറത്താക്കണമെന്നും ഗോൺസാലോ ഹിഗ്വയിനെപ്പോലെയാണ് താരമെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഇന്റർ മിലാൻ താരത്തിന് അർജന്റീന പരിശീലകൻ പരിപൂർണമായ പിന്തുണയാണ് നൽകിയത്.

നിരവധി മത്സരങ്ങളിൽ അർജന്റീനയെ രക്ഷിച്ച താരമാണ് ലൗറ്റാറോ മാർട്ടിനസെന്നും അതിനാൽ താരത്തെ ഒരു മത്സരത്തിലെ പിഴവിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് സ്‌കലോണി പറയുന്നത്. എല്ലാ താരങ്ങൾക്കും ഒരു മോശം ദിവസം ഉണ്ടാകുമെന്നും അതിനെ മറികടന്ന് താരം സന്തോഷം നൽകുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിമർശിച്ചവരോട് താരം പ്രതികാരം നടത്തുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.

നേരത്തെ അർജന്റീന ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യം ആയിരുന്നെങ്കിലും ഇപ്പോൾ ജൂലിയൻ അൽവാരസാണ് ലൗറ്റാറോയുടെ സ്ഥാനത്ത് ഇറങ്ങുന്നത്. അടുത്ത മത്സരത്തിലും അൽവാരസ് തന്നെയാകും ആദ്യ ഇലവനിൽ ഉണ്ടാവുക. അതേസമയം ഫിനിഷിങ് പോരായ്‌മയുണ്ടെങ്കിലും ലൗറ്റാറോ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നതിൽ ഇപ്പോഴും മികച്ചു നിൽക്കുന്നുണ്ട്.