ലോകകപ്പിൽ ഞങ്ങൾ കണ്ട ഏറ്റവും മികച്ച പ്രകടനം, മെസിയെ പ്രശംസ കൊണ്ടു മൂടി ഇതിഹാസങ്ങൾ

ഓസ്‌ട്രേലിയക്കെതിരെ ലയണൽ മെസി നടത്തിയ പ്രകടനത്തെ പ്രശംസ കൊണ്ടു മൂടി പ്രീമിയർ ലീഗ് ഇതിഹാസങ്ങളായ റിയോ ഫെർഡിനാൻഡും അലൻ ഷിയററും. മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയുടെ ആദ്യത്തെ ഗോൾ നേടിയതിനു പുറമെ രണ്ടാം പകുതിയിൽ ഓസ്‌ട്രേലിയൻ പ്രതിരോധത്തെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് മെസി നടത്തിയത്. ലൗടാരോ മാർട്ടിനസ് കൃത്യമായി ലക്‌ഷ്യം കണ്ടിരുന്നെങ്കിൽ മെസിയുടെ പേരിൽ രണ്ട് അസിസ്റ്റുകൾ കൂടി ഉണ്ടാകുമായിരുന്നു.

“ഈ ലോകകപ്പിൽ ഞങ്ങൾ കണ്ട ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായിരുന്നു മെസിയുടേത്. താരം എന്ത് ചെയ്യുമ്പോഴും സ്റ്റേഡിയത്തിലുള്ള ആരാധകർ ദൈവത്തെപ്പോലെയായിരുന്നു സ്വീകരിച്ചത്. താരം എന്ത് ചെയ്യുമ്പോഴും കാണികളുടെ പ്രതികരണം കുറെയൊക്കെ കാണാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.” ബിബിസിയോട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ് പറഞ്ഞു.

“എന്തൊരു പ്രകടനമാണ് മെസി രണ്ടാം പകുതിയിൽ നടത്തിയത്. അത് സ്റ്റേഡിയത്തിൽ നിന്നും കാണാൻ കഴിഞ്ഞ ഞങ്ങൾ ഭാഗ്യമുള്ള ആളുകളാണ്. സഹതാരങ്ങൾക്ക് അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ താരത്തിനുള്ള കഴിവും ആഗ്രഹവും ഏറ്റവും മികച്ചതാണ്. ഓസ്‌ട്രേലിയ നടത്തിയ പ്രകടനവും മികച്ചതായിരുന്നു.” മുൻ ന്യൂകാസിൽ യുണൈറ്റഡ് താരം അലൻ ഷിയറർ പറഞ്ഞു.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അർജന്റീന വിജയം നേടിയത്. ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞാൽ അർജന്റീന കൂടുതൽ ഗോളുകൾ നേടി വിജയിക്കേണ്ട മത്സരമായിരുന്നുഇന്നലെ. അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതിനാൽ തന്നെ അവസാന മിനിറ്റുകളിൽ അർജന്റീന ഒന്ന് വിയർക്കുകയും ചെയ്‌തു.