പകരക്കാരനായിറങ്ങി രണ്ടു തകർപ്പൻ അസിസ്റ്റുകൾ, പുതിയ റെക്കോർഡ് സ്ഥാപിച്ച് അർജന്റീന താരം

ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ഇന്നലെ കറബാവോ കപ്പിൽ അതേ നാണയത്തിൽ മറുപടി നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നേടി അർജന്റീന താരം ഗർനാച്ചോ താരമായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് ഗർനാച്ചോ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്ത ഈ അസിസ്റ്റുകളിലൂടെ ഒരു റെക്കോർഡും അർജന്റീന താരം സ്വന്തമാക്കി. ഇന്നലത്തെ മത്സരം കളിക്കുമ്പോൾ പതിനെട്ടു വയസും 133 ദിവസവും മാത്രമായിരുന്നു ഗർനാചോയുടെ പ്രായം. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് അർജന്റീന താരം സ്വന്തം പേരിലാക്കിയത്. ഗർനാച്ചോ ഇറങ്ങുമ്പോൾ പിന്നിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നേടിക്കൊടുത്തതും താരത്തിന്റെ പ്രകടനം തന്നെയാണ്.

ഈ സീസണിൽ വളരെ വൈകിയാണ് അവസരം ലഭിച്ചതെങ്കിലും ഇറങ്ങുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നുണ്ട്. സീസണിന്റെ തുടക്കത്തിൽ താരത്തിന്റെ സ്വഭാവം ശരിയല്ലാത്തതിന്റെ പേരിൽ ടെൻ ഹാഗ് പരിഗണിക്കാതിരുന്ന താരം ഇപ്പോൾ അതെല്ലാം തിരുത്തി മുന്നോട്ടു വന്നിട്ടുണ്ട്. ഈ സീസൺ അവസാനിക്കുമ്പോഴേക്കും ഗർനാച്ചോയെ ഡച്ച് പരിശീലകൻ തേച്ചു മിനുക്കിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.