അർജന്റീന ടീമിലെ മറ്റൊരു പ്രധാന താരത്തിനു കൂടി പരിക്ക്, ലോകകപ്പിൽ കളിച്ചേക്കില്ല

ലോകകപ്പ് അടുത്തിരിക്കെ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായ അർജന്റീന ടീമിന് കൂടുതൽ തിരിച്ചടിയായി ടീമിലെ മധ്യനിര താരമായത് ജിയോവാനി ലോസെൽസോയും പരിക്കേറ്റു പുറത്ത്. വിയ്യാറയൽ താരമായ ലോസെൽസോ ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റു പുറത്തായത്. ഇരുപത്തിയഞ്ചു മിനുട്ട് മാത്രമാണ് താരം കളിച്ച മത്സരത്തിൽ വിയ്യാറയൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു.

ലൊ സെൽസോയുടെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെങ്കിലും സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് പറ്റിയിരിക്കുന്നത്. പ്രാഥമികമായ സൂചനകൾ പ്രകാരം ഇരുപത്തിയാറു വയസുള്ള താരത്തിന് ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്‌ച പുറത്തിരിക്കേണ്ടി വരും. വിശ്രമം വേണ്ട ദിവസങ്ങളുടെ എണ്ണം വര്ധിക്കുകയാണെങ്കിൽ ലോകകപ്പ് ടൂർണമെന്റ് അർജന്റീനക്ക് നഷ്‌ടമാകാനുള്ള സാധ്യതയുണ്ട്.

വിയ്യാറയൽ വരുന്ന ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തി ലൊ സെൽസോയുടെ പരിക്കിന്റെ വിവരങ്ങൾ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജന്റീന നവംബർ ഇരുപത്തിരണ്ടിനു സൗദി അറേബ്യക്കെതിരെ ആദ്യ മത്സരം കളിക്കുന്നതിനു മുൻപ് താരത്തിന് ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ടീമിനത് തിരിച്ചടിയാകും. ഡിബാല, ഡി മരിയ, പരഡെസ്, എമിലിയാനോ മാർട്ടിനസ്, നിക്കോ ഗോൺസാലസ് തുടങ്ങിയ താരങ്ങളെല്ലാം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.

സ്‌കലോണിയുടെ അർജന്റീന ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരസാന്നിധ്യമായ കളിക്കാരനാണ് ജിയോവാനി ലൊ സെൽസോ. താരത്തിനൊപ്പം ഡി പോൾ, പരഡെസ് തുടങ്ങിയ കളിക്കാരാണ് അർജന്റീന മധ്യനിരയിൽ ഇറങ്ങാറുള്ളത്. അതുകൊണ്ടു താനെ ലൊ സെൽസോ പരിക്കേറ്റു പുറത്തായാൽ അത് ടീമിനെ വളരെയധികം ബാധിക്കും. പകരക്കാരായിറങ്ങാൻ കഴിയുന്ന കഴിയുന്ന താരങ്ങളുടെങ്കിലും കെട്ടുറപ്പോടെ കളിക്കുന്ന മധ്യനിരയിൽ താരത്തിന്റെ അഭാവം പ്രതിഫലിക്കാൻ സാധ്യതയുണ്ട്.