“അവനൊരു പണി കൊടുക്കാൻ വേണ്ടി ചെയ്‌തതു തന്നെയാണ്”- പ്രബീർ ദാസിനെ സോഷ്യൽ മീഡിയയിലും അധിക്ഷേപിച്ച് ഗ്രിഫിത്ത്‌സ് | Griffiths

മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ഒരുപാട് ചൂടു പിടിച്ച സംഭവങ്ങളോടെയാണ് അവസാനിച്ചത്. രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ച മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറും പ്രതിരോധവും അനാവശ്യമായ പിഴവുകൾ വരുത്തിയപ്പോൾ മുംബൈ സിറ്റിക്ക് ദാനമായി ലഭിച്ചത് രണ്ടു ഗോളുകളായിരുന്നു. ഈ രണ്ടു ഗോളുകളുടെ പിൻബലത്തിൽ മത്സരത്തിൽ മുംബൈ സിറ്റി വിജയം നേടുകയും ചെയ്‌തു.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നിരവധി സംഘർഷങ്ങൾ മൈതാനത്ത് നടക്കുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോളിനായി പൊരുതിക്കൊണ്ടിരിക്കെ മുംബൈ സിറ്റി താരങ്ങൾ മത്സരം വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. പരിക്ക് അഭിനയിച്ച് നിരവധി മുംബൈ കളിക്കാർ നിലത്തു കിടക്കാൻ തുടങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ രോഷാകുലരാവുകയും അത് അവർ തമ്മിൽ തർക്കത്തിന് കാരണമാവുകയും ചെയ്‌തു.

അതിനിടയിൽ മുംബൈ സിറ്റി താരമായ റോസ്റ്റിൻ ഗ്രിഫിത്ത്‌സ് കേരള ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസിന്റെ കഴുത്തിനു പിടിച്ചുവെന്ന പരാതിയും അതിനെ തുടർന്നുള്ള വാക്കേറ്റവും കാണുകയുണ്ടായി. ഇത് വലിയൊരു ഉന്തും തള്ളിലുമാണ് കലാശിച്ചത്. എന്നാൽ റഫറി സംഭവം കൃത്യമായി കാണാതിരുന്നതിനാൽ സംഭവത്തിൽ നടപടി ഒന്നുമുണ്ടായില്ല. അതിനിടയിൽ തന്റെ അമ്മക്ക് നേരെ അധിക്ഷേപം നടത്തിയെന്നു പ്രബീർ ദാസ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിലും ഗ്രിഫിത്ത്‌സ് പ്രകോപനപരമായ ഇടപെടലാണ് നടത്തുന്നത്. പ്രബീർ ദാസിന്റെ കഴുത്തിന് പിടിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത താരം “എല്ലാവരും എന്തിനാണ് ഇങ്ങിനെ ആശങ്കപ്പെടുന്നത്. ഇവൻ എല്ലാവരുടെയും അടുത്ത് പോയി കച്ചറ ഉണ്ടാകുന്നതിനാൽ ഒരു ആലിംഗനം ആവശ്യമായി എനിക്ക് തോന്നി” എന്നാണു കുറിച്ചത്. അതിനു പുറമെ പ്രബീർ ദാസ് പരിക്കേറ്റു കിടക്കുന്ന ഒരു മുംബൈ താരത്തെ എടുത്തുയർത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോയും ഗ്രിഫിത്ത്‌സ് പോസ്റ്റ് ചെയ്യുകയുണ്ടായി.

പ്രബീർ ദാസിന്റെ കഴുത്തിപ് പിടിച്ച് ശ്വാസം മുട്ടിച്ചത് കാർഡ് അർഹിക്കുന്ന ഫൗൾ തന്നെയായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ റഫറി അതിൽ യാതൊരു നടപടിയും എടുത്തിരുന്നില്ല. അതിനു പിന്നാലെയാണ് തന്റെ പ്രവൃത്തിയിൽ യാതൊരു കുറ്റബോധവും ഇല്ലെന്ന് വ്യക്തമാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി ഗ്രിഫിത്ത്‌സ് രംഗത്തു വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരത്തിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകുന്നുണ്ട്.

Rostyn Griffiths About His Foul On Prabir Das