ഇതിനുള്ള മറുപടി കൊച്ചിയിൽ തന്നിരിക്കും, മുംബൈ സിറ്റിയുടെ തരംതാണ അടവുകൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് മേധാവികൾ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വരുത്തിയ രണ്ടു പിഴവുകൾ മുംബൈ സിറ്റി ഗോളാക്കി മാറ്റിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആതിഥേയർ വിജയം സ്വന്തമാക്കി. തുടർച്ചയായ രണ്ടു മത്സരങ്ങൾ വിജയിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് പരാജയം അർഹിച്ചിരുന്നില്ലെങ്കിലും ടീമിലെ താരങ്ങളുടെ വ്യക്തിഗത പിഴവുകൾ തന്നെയാണ് അവർക്ക് തിരിച്ചടി നൽകിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മുംബൈ താരങ്ങളും തമ്മിൽ സംഘർഷങ്ങളും ഉണ്ടായിരുന്നു. മത്സരത്തിൽ മുൻ‌തൂക്കം ലഭിച്ചതോടെ സമയം വൈകിപ്പിച്ച് വിജയം നേടാൻ മുംബൈ താരങ്ങൾ ശ്രമം നടത്തിയിരുന്നു. നിരവധി താരങ്ങളാണ് പരിക്ക് അഭിനയിച്ചു നിലത്തു വീണത്. റഫറിയുടെ നിലപാട് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നതുമായിരുന്നു. ഇതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിഷേധിച്ചതാണ് സംഘർഷം ഉണ്ടാകാൻ കാരണമായത്.

ഇതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് താരമായ പ്രബീർ ദാസിനെ കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചത് റഫറി കണ്ടെങ്കിലും അതിലും നടപടിയൊന്നും ഉണ്ടായില്ല. അതേസമയം സ്വന്തം മൈതാനത്ത് മുംബൈ സിറ്റി നടത്തിയ വൃത്തികെട്ട തന്ത്രങ്ങൾ യാതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസ് സ്‌കിങ്കിസ് വ്യക്തമാക്കിയത്. “സമയം വൈകിപ്പിക്കുന്ന ചാമ്പ്യന്മാർ” എന്നാണു അദ്ദേഹം പരിഹാസച്ചുവയോടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സഹപരിശീലകനായ ടിജി പുരുഷോത്തമൻ ഒന്നുകൂടി കടന്നാണ് ഇന്നലത്തെ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയയിൽ തന്റെ പ്രതികരണം അറിയിച്ചത്. “നന്നായി കളിച്ചു സമയം പാഴാക്കിക്കളയുന്ന ചാമ്പ്യന്മാരേ, നിങ്ങൾക്ക് കൊച്ചിയിലേക്ക് സ്വാഗതം” എന്നാണു അദ്ദേഹം കുറിച്ചത്. കൊച്ചിയിൽ ഇതിനുള്ള മറുപടി തരാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഇട്ട പോസ്റ്റ് അദ്ദേഹം പിന്നീട് നീക്കം ചെയ്യുകയുണ്ടായി.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയം അർഹിച്ചിരുന്നില്ലെന്നത് വ്യക്തമാണ്. സമനില ഗോൾ നേടിയതിനു ശേഷം പിന്നീട് മത്സരം മുഴുവൻ ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായിരുന്നു. എന്നാൽ രണ്ടാമത്തെ പിഴവിലും ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പുറകോട്ടു പോയി. അതിനു പിന്നാലെ മുംബൈ സിറ്റിയുടെ നാണം കേട്ട തന്ത്രങ്ങൾ കൂടി വന്നതോടെ മത്സരം കൈവിടുകയായിരുന്നു. എന്തായാലും കൊച്ചിയിൽ ഇതിനുള്ള മറുപടി നൽകുമെന്നതിൽ യാതൊരു സംശയവുമില്ല.

Kerala Blasters Chiefs Warns Mumbai City FC