ഹാലൻഡിനെ ആശ്രയിച്ചാൽ ചാമ്പ്യൻസ് ലീഗ് നേടാനാവില്ല, ഇത്തവണ കിരീടം നേടാൻ സാധ്യതയാർക്കെന്നും പെപ് ഗ്വാർഡിയോള

പെപ് ഗ്വാർഡിയോള പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ആഭ്യന്തര ലീഗിലും മറ്റു ടൂർണമെന്റുകളിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. നിരവധി പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങൾ അവർ നേടിയെങ്കിലും ഇതുവരെയും ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും ചാമ്പ്യൻസ് ലീഗിന് ഏറ്റവും സാധ്യതയുള്ള ടീമുകളിൽ മാഞ്ചസ്റ്റർ സിറ്റിയുണ്ടാവുമെങ്കിലും കിരീടത്തിനു തൊട്ടരികിൽ വെച്ചോ അല്ലെങ്കിൽ അതിനു മുൻപോ അവർ വീണു പോവുകയാണ് പതിവ്.

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഇന്നാരംഭിക്കുമ്പോൾ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ആറു തവണ യൂറോപ്പ ലീഗ് കിരീടം നേടിയിട്ടുള്ള സെവിയ്യയെ നേരിടാൻ ഒരുങ്ങുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ഹാലൻഡിന്റെ വരവ് മാഞ്ചസ്റ്റർ സിറ്റി ഇത്തവണ കിരീടം നേടാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ടെങ്കിലും ഗ്വാർഡിയോള അങ്ങിനെ വിശ്വസിക്കുന്നില്ല. ഹാലൻഡിൽ ആശ്രയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ലഭിക്കില്ലെന്നു പറഞ്ഞ ഗ്വാർഡിയോള ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീമായി തിരഞ്ഞെടുത്തത് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെയാണ്.

“ഇതെന്നോട് ഓരോ വർഷത്തിലും ചോദിക്കാറുണ്ട്. ഓരോ വർഷവും നമുക്ക് മറ്റൊരു അവസരവും ലഭിക്കുന്നുണ്ട്. ഞങ്ങളാണ് കിരീടസാധ്യതയുള്ള ടീമുകളെന്ന് നിരവധി പേർ പറയും. എന്നാൽ എന്നെ സംബന്ധിച്ച് റയൽ മാഡ്രിഡാണ് എല്ലാ വർഷവും കിരീടം നേടാൻ സാധ്യതയുള്ള ടീം.” ഈ സീസണിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമിനെക്കുറിച്ച് ചോദിച്ചപ്പോൾ ഗ്വാർഡിയോള പറഞ്ഞത് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തു.

മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യതകൾ അവരുടെ പ്രകടനം പോലിരിക്കുമെന്നാണ് പെപ് പറയുന്നത്. സെവിയ്യയെ പോലെ യൂറോപ്പിൽ നേട്ടങ്ങളുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നു പറഞ്ഞ ഗ്വാർഡിയോള കിരീടം നേടാൻ കഴിഞ്ഞില്ലെങ്കിൽ ആരാധകരുടെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. ഇത്തവണയും മാഞ്ചസ്റ്റർ സിറ്റി കിരീടത്തിനായി ശ്രമിക്കുമെന്നും എന്നാൽ ഹാലൻഡിനെ മാത്രം ആശ്രയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം നേടാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാഞ്ചസ്റ്റർ സിറ്റിയുടെ സാധ്യതകളെ ഗ്വാർഡിയോള ചുരുക്കുന്നുണ്ടെങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമുകളിലൊന്ന് അവർ തന്നെയാണ്. ടീമിൽ നിന്നും ഏതാനും താരങ്ങൾ പോയെങ്കിലും യൂറോപ്പിലെ ഏറ്റവും കരുത്തരായ ടീം തന്നെയാണവർ. ഏഴു മത്സരങ്ങളിൽ നിന്നും പത്തു ഗോളുകൾ നേടിയ ഹാലാൻഡ് തന്നെയാണ് അവരുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. സെവിയ്യക്കെതിരെ വിജയത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ക്യാമ്പയിന് തുടക്കം കുറയ്ക്കാനാവും മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നത്.