വമ്പൻ സ്‌കിൽ കാണിക്കാൻ ശ്രമിച്ചത് അമ്പേ പരാജയമായി, റൊണാൾഡോക്കു നേരെ ട്രോൾ വർഷം

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങിയ താരങ്ങളിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം നടത്തിയെങ്കിലും യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതാണ് റൊണാൾഡോക്കു നേരെ ട്രോളുകൾ കൂടുതൽ ഉയരാൻ കാരണമായത്. ഒടുവിൽ ക്ലബ് വിടാൻ കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഈ സീസണിലും തുടരുകയാണ് റൊണാൾഡോ.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്നുണ്ടെങ്കിലും എറിക് ടെൻ ഹാഗിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി മാറാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രം ആദ്യ ഇലവനിലും ബാക്കി മത്സരങ്ങളിൽ പകരക്കാരനായും ഇറങ്ങിയ റൊണാൾഡോ ഒരു ഗോളോ അസിസ്റ്റോ നേടിയിട്ടുമില്ല. അതിനിടയിൽ ആഴ്‌സണലുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടയിൽ വാം അപ്പിന്റെ ഇടയിൽ ഒരു സ്‌കിൽ കാണിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ പേരിലും റൊണാൾഡോ ട്രോളുകൾക്ക് ഇരയാവുകയാണ്.

മത്സരത്തിനു മുൻപ് ബ്രസീലിയൻ താരങ്ങളായ കസമീറോ, ഫ്രെഡ് എന്നിവരുടെ ഒപ്പമാണ് റൊണാൾഡോ വാം അപ്പ് നടത്തിയിരുന്നത്. ഇതിനിടയിൽ ഫ്രെഡ് ഉയർത്തി നൽകിയ പന്ത് ബാക്ക് ഹീൽ ചെയ്യാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും അതു താരത്തിന്റെ ദേഹത്തു തട്ടി തെറിച്ചു പോയി. പിന്നാലെ പോയി പന്തെടുത്ത റൊണാൾഡോ ഇതിന്റെ ചമ്മൽ മറക്കാൻ മറ്റൊരു സ്‌കിൽ കൂടി അപ്പോൾ തന്നെ കാണിക്കാൻ ശ്രമിച്ചെങ്കിലും അതും തീർത്തും പരാജയമായിപ്പോയി. ഇതു കണ്ടു മുഖം പൊത്തിച്ചിരിക്കുന്ന ഫ്രഡിനെയും കസമീറോയെയും വീഡിയോയിൽ വ്യക്തമായി കാണാം.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോ മുപ്പത്തിയെട്ടാം വയസിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രായം താരത്തിന്റെ മെയ്‌വഴക്കത്തെയും വേഗതയേയും ബാധിച്ചിട്ടുണ്ടെന്നത് റൊണാൾഡോയുടെ മൈതാനത്തെ പ്രകടനത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയാവുന്നതാണ്. എന്നാൽ അതൊന്നും കണക്കാക്കാതെ റൊണാൾഡോയെ കളിയാക്കുന്ന ആരാധകർ. റൊണാൾഡോ നെയ്മറാണെന്നു കരുതിയെന്നും താരത്തിന്റെ കാലം കഴിഞ്ഞുവെന്നും ആരാധകർ കുറിക്കുന്നു.

എന്നാൽ പോർച്ചുഗൽ താരം ഇതിനെല്ലാം മറുപടി നൽകി തിരിച്ചു വരുമെന്ന പ്രതീക്ഷ ആരാധകർക്ക് ഇപ്പോഴുമുണ്ട്. ഇതുപോലെ നിരവധി വിമർശനങ്ങൾക്ക് തന്റെ പ്രകടനം കൊണ്ട് മറുപടി നൽകാൻ റൊണാൾഡോക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ട്. സീസൺ തുടക്കത്തിലേറ്റ പതർച്ചക്കു ശേഷം നാല് മത്സരങ്ങൾ തുടർച്ചയായി വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വന്നതു പോലെ റൊണാൾഡോയും തന്റെ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.