പിഎസ്‌ജി കരാർ അവസാനിച്ചാൽ ലയണൽ മെസി ബാഴ്‌സയിലേക്കോ, സൂചനകൾ നൽകി മുൻ നായകൻ പുയോൾ

ബാഴ്‌സലോണയിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ താരവും ആരാധകരും ക്ലബുമൊന്നും ഒട്ടും ആഗ്രഹിച്ചിരുന്ന കാര്യങ്ങളല്ല. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്‌സലോണക്കു കഴിയാതിരുന്നത്. ഇതേത്തുടർന്ന് ക്ലബ് വിട്ട മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് ചേക്കേറിയത്. രണ്ടു വർഷത്തെ കരാറിൽ പിഎസ്‌ജിയിൽ എത്തിയ ലയണൽ മെസിയുടെ ഫോമിൽ കഴിഞ്ഞ സീസണിൽ ഇടിവുണ്ടായെങ്കിലും ഈ സീസണിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

മെസിയുടെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും അതൊരു വർഷത്തേക്കു കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയുണ്ട്. എന്നാൽ മെസിയുടെ കൂടി സമ്മതമുണ്ടെങ്കിലേ അത് പുതുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ താരം ഈ സീസണു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ മുൻ നായകനും സ്‌പാനിഷ്‌ ഇതിഹാസവുമായ കാർലസ് പുയോളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചു.

“ലയണൽ മെസിയുടെ തിരിച്ചു വരവിനുള്ള സമയം അതിക്രമിച്ചിട്ടില്ല. താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കും, അപ്പോൾ ഒരുപാട് കാര്യങ്ങൾ സംഭവിക്കാം. ഇത് ലോകകപ്പ് നടക്കുന്ന വർഷം കൂടിയാണ്. ഇതെല്ലാം ലിയോയുടെയും സാവിയുടെയും തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. പക്ഷെ മെസിയെ ബാഴ്‌സയിൽ ഏറ്റവും നല്ല രീതിയിലാണവർ സ്വീകരിക്കുക.” കാറ്റലൻ മീഡിയയായ സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പുയോൾ പറഞ്ഞു.

ബാഴ്‌സലോണയുടെ സാമ്പത്തികപ്രതിസന്ധി നിലവിൽ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി ക്ലബിന്റെ ആസ്‌തികളിൽ പലതും നിശ്ചിതകാലത്തേക്ക് വിൽക്കേണ്ടി വരികയും ചെയ്‌തു. ഈ തുക ഉപയോഗിച്ചാണ് ബാഴ്‌സലോണ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കിയതും അവരെ രജിസ്റ്റർ ചെയ്‌തതും. അതുകൊണ്ടു തന്നെ മെസി തിരിച്ചു വരാൻ തയ്യാറാവുകയാണെങ്കിൽ ബാഴ്‌സ താരത്തെ സ്വീകരിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ മെസി താളം വീണ്ടെടുത്തിട്ടുണ്ട്. ലോകകപ്പ് അടുത്തിരിക്കെ മെസി ഫോമിൽ തിരിച്ചെത്തിയത് ആരാധകർക്കും പ്രതീക്ഷ നൽകുന്നു. സാവിയുടെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ ടീമിൽ മെസി കൂടിയെത്തുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. ഖത്തർ ലോകകപ്പിന് ശേഷമാവും പിഎസ്‌ജിയിൽ തുടരുന്ന കാര്യത്തിൽ മെസി തീരുമാനം എടുക്കുക.