സ്വപ്‌നനേട്ടം സ്വന്തമാക്കി, മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള തീരുമാനമെടുത്ത് പെപ് ഗ്വാർഡിയോള | Guardiola

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നനേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പെപ് ഗ്വാർഡിയോള ക്ലബ് വിടുന്നത് എന്നാണെന്ന കാര്യത്തിൽ തീരുമാനമെടുത്തുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഇന്റർ മിലാനെതിരെയുള്ള ഫൈനലിൽ വിജയം നേടിയതോടെയാണ് ഗ്വാർഡിയോള സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയത്. സിറ്റിയുടെയും ആദ്യത്തെ ചാമ്പ്യൻസ് ലീഗായിരുന്നു അത്.

ഇതിനു മുൻപ് ബാഴ്‌സലോണ പരിശീലകനായിരുന്ന സമയത്ത് രണ്ടു തവണ ചാമ്പ്യൻസ് ലീഗ് നേടിയ പെപ്പിനു ബയേൺ മ്യൂണിക്കിൽ ആ നേട്ടം ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം നിരവധി വർഷങ്ങൾ പ്രീമിയർ ലീഗിൽ അപ്രമാദിത്വം സ്ഥാപിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് പെപ്പിന് അന്യമായിരുന്നു. ഈ സീസണോടെ ആ സ്വപ്‌നവും അദ്ദേഹം സഫലമാക്കിയിരിക്കുകയാണ്.

തൻറെ സ്വപ്‌നനേട്ടം സ്വന്തമാക്കിയതോടെയാണ് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള തീയതി കുറിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി രണ്ടു വർഷം കൂടിയാണ് പെപ് ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുള്ളത്. ആ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടാനാണ് പെപ്പിന്റെ തീരുമാനം. അതിനു ശേഷം ഉടനെ തന്നെ മറ്റൊരു ക്ലബ്ബിനെ അദ്ദേഹം ഏറ്റെടുക്കുമോയെന്നു വ്യക്തമല്ല.

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകനാണ് പെപ് ഗ്വാർഡിയോള. ആക്രമണ ഫുട്ബോൾ കളിച്ചാണ് അദ്ദേഹം തന്റെ ടീമുകൾക്ക് നേട്ടങ്ങളെല്ലാം സ്വന്തമാക്കി നൽകിയിട്ടുള്ളത്. 2016 മുതൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമുള്ള അദ്ദേഹം അഞ്ചു പ്രീമിയർ ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് കറബാവോ കപ്പ്, രണ്ടു കമ്മ്യൂണിറ്റി ഷീൽഡ്, ഒരു ചാമ്പ്യൻസ് ലീഗ് എന്നിവ ഇതുവരെ നേടിയിട്ടുണ്ട്.

Pep Guardiola Set Date For Man City Exit