ഒരുമിച്ചു കളിച്ച റൊണാൾഡോയെ ഇങ്ങിനെയൊക്കെ ഒഴിവാക്കാമോ, ഗാരെത് ബേലിന്റെ മറുപടിയിൽ ഞെട്ടി ആരാധകർ | Messi

നിരവധി വർഷങ്ങൾ റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബേലും. തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ ഈ താരങ്ങൾ റയൽ മാഡ്രിഡിന് നേടിക്കൊടുത്തിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര ത്രയങ്ങളിൽ ഒന്നായിരുന്നു ഇരുവരും കൂടി ഉൾപ്പെട്ട ബിബിസി ത്രയം.

നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഈ രണ്ടു താരങ്ങളും തമ്മിൽ അത്ര മികച്ച ബന്ധമല്ല ഉണ്ടായിരുന്നതെന്ന് ആദ്യം മുതൽ തന്നെ ആരാധകർക്കറിയാവുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം അത് വീണ്ടും തെളിയിച്ച സംഭവമുണ്ടായി. ചാമ്പ്യൻസ് ലീഗ് ഫൈനലിനു മുന്നോടിയായി ഗാരെത് ബേലിനോട് മാധ്യമപ്രവർത്തകർ ചില ചോദ്യങ്ങൾ ചോദിച്ചപ്പോഴായിരുന്നു സംഭവം.

ചാമ്പ്യൻസ് ലീഗ് നേടിയ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. യാതൊരു സംശയവും കൂടാതെ അതിനു മെസിയെന്ന മറുപടി ബേൽ നൽകി. മെസിയെക്കാൾ ചാമ്പ്യൻസ് ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗിൽ ഗോളുകളും നേടിയിട്ടുള്ള, തന്റെ സഹതാരം കൂടിയായ റൊണാൾഡോയെ ബേൽ ഒഴിവാക്കിയത് റയൽ ആരാധകരിൽ രോഷമുണ്ടാക്കുന്ന കാര്യമാണ്.

ഇതിനു പുറമെ മറ്റൊരു കാര്യത്തിൽ കൂടി റൊണാൾഡോയെ തഴഞ്ഞ് മെസിയെ ബേൽ തിരഞ്ഞെടുത്തു. മെസിയുടെ ഇടത്തെ കാലാണോ, റൊണാൾഡോയുടെ വലത്തേ കാലാണോ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് താനൊരു ഇടം കാലനായതിനാൽ മെസിയുടെ ഇടം കാലാണ് തിരഞ്ഞെടുക്കുകയെന്നാണ് ബേൽ മറുപടി പറഞ്ഞത്. രണ്ടു തവണയാണ് റൊണാൾഡോയെ ബേൽ തഴഞ്ഞതെന്നത് വിചിത്രമാണ്.

Gareth Bale Choose Messi Over Ronaldo