ബെൽഫോർട്ടിനും നേസണും ശേഷം മറ്റൊരു ഹെയ്ത്തി താരത്തെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

വളരെ കുറച്ചു കാലം മാത്രമേ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിച്ചിട്ടുള്ളുവെങ്കിലും ഡെക്കൻസ് നെസൺ, കെർവൻസ് ബെൽഫോർട്ട് എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്നും മറക്കാൻ കഴിയാത്ത താരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ബ്ലാസ്റ്റേഴ്‌സിന് തന്റെ പിന്തുണ നൽകുകയും ക്ലബ്ബിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുകയും ചെയ്‌ത ബെൽഫോർട്ട് പ്രത്യേകിച്ചും ആരാധകരുടെ പ്രിയങ്കരനാണ്.

ഈ രണ്ടു താരങ്ങളും ഹെയ്ത്തി രാജ്യത്തു നിന്നുള്ളവരാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോൾ ഹെയ്ത്തിയിൽ നിന്നും മറ്റൊരു താരത്തെക്കൂടി ടീമിലെത്തിക്കാനുള്ള പദ്ധതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നാണു റിപ്പോർട്ടുകൾ. ഇരുപത്തിരണ്ടുകാരനായ ലൂയിഷ്യസ് ഡോൺ ഡീഡസൺ എന്ന താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. വിങ്ങറായി കളിക്കുന്ന താരമാണ് ലൂയിഷ്യസ്.

ഹെയ്ത്തിയിലെ ക്ലബായ ഷാനയുടെ അക്കാദമിയിൽ കളിയാരംഭിച്ച ലൂയിഷ്യസ് പിന്നീട് അമേരിക്കൻ ലീഗിലെ ക്ലബായ അറ്റലാന്റ യുണൈറ്റഡിന്റെ യൂത്ത് ടീമിലും കളിച്ചിട്ടുണ്ട്. ഡെന്മാർക്കിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ ഹൊബ്രോയിൽ പ്രൊഫെഷണൽ കരിയർ ആരംഭിച്ച താരം അവിടെത്തന്നെയാണ് തുടരുന്നത്. എഴുപത്തിയാറു മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സീനിയർ കരിയർ ആരംഭിച്ച ക്ലബിനു വേണ്ടിയുള്ള താരത്തിന്റെ പ്രകടനം ഭേദപ്പെട്ടതാണ്. ബ്ലാസ്റ്റേഴ്‌സിലേക്ക് വരികയാണെങ്കിൽ ഇവാന്റെ ശിക്ഷണത്തിൽ കൂടുതൽ മെച്ചപ്പെടാനും ലൂയിഷ്യസിന് കഴിയും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം നടത്തിയതിനാൽ വലിയ അഴിച്ചുപണികൾ ടീമിനുള്ളിൽ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹെയ്ത്തി താരത്തിനായി നീക്കങ്ങൾ നടത്തുന്നത്.

Kerala Blasters Interested In Haiti Winger