റൊണാൾഡോക്കും ബെൻസിമക്കും വഴിമാറാം, സൗദി അറേബ്യയിലെ സുൽത്താനാകാൻ നെയ്‌മർ വരുന്നു | Neymar

ലോകഫുട്ബോളിൽ ആധിപത്യം പുലർത്തുകയെന്ന ലക്ഷ്യത്തോടെ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ് സൗദി അറേബ്യ. ലോകകപ്പിന് പിന്നാലെ വമ്പൻ തുക മുടക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച അവർ ഏതാനും ദിവസങ്ങൾക്ക് മുൻപ് കരിം ബെൻസിമയെയും സ്വന്തമാക്കി. ഇതിനു പുറമെ മറ്റു നിരവധി വമ്പൻ താരങ്ങളെ യൂറോപ്പിൽ നിന്നും സൗദിയിലെത്തിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

പിഎസ്‌ജി വിട്ട ലയണൽ മെസിയെ സ്വന്തമാക്കാനും സൗദി അറേബ്യ ശ്രമം നടത്തിയിരുന്നു. ഏതാണ്ട് ഒരു ബില്യൺ യൂറോയുടെ ഓഫർ മെസിക്കായി സൗദി അറേബ്യ മുന്നോട്ടു വെച്ചിരുന്നെങ്കിലും താരം അത് വേണ്ടെന്നു വെച്ച് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറുകയാണുണ്ടായത്. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലാണ് ലയണൽ മെസിക്ക് ഓഫർ നൽകിയത്.

ലയണൽ മെസി ഓഫർ തഴഞ്ഞെങ്കിലും അതിനു പകരം മറ്റൊരു വമ്പൻ താരമായ നെയ്‌മറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ ആരംഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. പിഎസ്‌ജി ആരാധകർ എതിരായതിനാൽ ഈ സമ്മറിൽ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ് നെയ്‌മർ. ഈ സാഹചര്യം മുതലെടുത്ത് നെയ്‌മറെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് സൗദി അറേബ്യൻ ക്ലബ് നടത്തുന്നത്.

മുപ്പത്തിയൊന്നുകാരനായ താരവുമായി സൗദി ക്ലബിന്റെ പ്രതിനിധികൾ ചർച്ച ആരംഭിച്ചിട്ടുണ്ട്. താരത്തിന് നൽകുന്ന പ്രതിഫലം അടക്കമുള്ള ഓഫറുകളെക്കുറിച്ച് ഇപ്പോൾ വ്യക്തത വന്നിട്ടില്ല. എന്നാൽ നെയ്‌മർ ഓഫർ സ്വീകരിച്ചാൽ കരിം ബെൻസിമ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരേക്കാൾ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി നെയ്‌മർ മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Saudi Club Al Hilal Want Neymar