ഗോളുകളില്ലാത്തതിനാൽ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി, പതിനഞ്ചു മിനുട്ടിലെ ഹാട്രിക്കിൽ മറുപടി നൽകി സോൺ

ഫുട്ബോൾ ലോകത്ത് ആരും വെറുക്കാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാവും ഹ്യുങ് മിൻ സോൺ. ടോട്ടനം ഹോസ്‌പറിനായി നിരവധി വർഷങ്ങളായി ആത്മാർത്ഥമായ പ്രകടനം കളിക്കളത്തിൽ നടത്തുന്ന താരത്തിനു പക്ഷെ ഈ സീസണിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സൗത്താംപ്ടനെതിരെ നടന്ന ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളിന് അസിസ്റ്റ് നൽകിയ താരത്തിന് ഈ സീസണിലെ ആദ്യത്തെ എട്ടു മത്സരങ്ങളിൽ ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോറിൽ ടോട്ടനം എത്തിയപ്പോൾ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു ഹ്യുങ് മിൻ സോൺ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി അഴിച്ചുപണികൾ നടത്തിയ ടോട്ടനം കൂടുതൽ കരുത്ത് ഈ സീസണിൽ നടത്തുമെന്ന് പ്രതീക്ഷിച്ച സമയത്താണ് ടീമിലെ പ്രധാന താരമായ സോൺ ഫോമൗട്ട് ആകുന്നത്. ഇത് ആരാധകർക്ക് വളരെയധികം ആശങ്ക സമ്മാനിക്കുകയും ചെയ്‌തിരുന്നു.

ഗോളുകളില്ലാതെ സോൺ ഏതാനും മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ടോട്ടനം പരിശീലകനായ അന്റോണിയോ കോണ്ടെ താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ടീമിലെ പ്രധാന താരമാണെങ്കിലും മോശം ഫോമിൽ തുടർന്നാൽ ബെഞ്ചിൽ ഇരിക്കേണ്ടി വരുമെന്ന സൂചനകൾ പല തവണ നൽകിയ അദ്ദേഹം കഴിഞ്ഞ ദിവസം ലൈസ്റ്ററിനെതിരെ നടന്ന മത്സരത്തിൽ സോണിനെ പുറത്തിരുത്തുകയും ചെയ്‌തു. എന്നാൽ അതിനോട് സോൺ അതെ നാണയത്തിലാണ് പ്രതികരിച്ചത്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ജോയിന്റ് ടോപ് സ്‌കോറർ ആയിരുന്ന സോൺ മത്സരത്തിന്റെ അൻപത്തിയൊമ്പതാം മിനുട്ടിലാണ് റിച്ചാർലിസണിനു പകരക്കാരനായി ഇറങ്ങിയത്. അപ്പോൾ 3-2 എന്ന സ്കോറിന് ടോട്ടനം മുന്നിൽ നിൽക്കുകയായിരുന്നെങ്കിലും മത്സരം എങ്ങോട്ടു വേണമെങ്കിലും മറിയാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ 73, 84 മിനിറ്റുകളിൽ നേടിയ ലോങ്ങ് റേഞ്ചർ ഗോളുകളിലൂടെ മത്സരം ടോട്ടനത്തിനു അനുകൂലമാക്കിയ സോൺ രണ്ടു മിനിറ്റിനകം ഹാട്രിക്ക് തികക്കുകയും ചെയ്‌തു.

ടീമിന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും താൻ ഗോളുകൾ നേടാത്തതിൽ നിരാശ ഉണ്ടായിരുന്നുവെന്നു മത്സരത്തിന് ശേഷം സോൺ പ്രതികരിച്ചത്. ആരാധകരും പരിശീലകനും ഈ സമയത്ത് തനിക്ക് വളരെയധികം പിന്തുണ നൽകിയിരുന്നുവെന്നും സൗത്ത് കൊറിയൻ താരം കൂട്ടിച്ചേർത്തു. മത്സരത്തിലെ വിജയത്തോടെ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പോയിന്റ് നിലയിൽ തുല്യത പാലിച്ച് നിൽക്കുകയാണ് ടോട്ടനം ഹോസ്‌പർ. ആഴ്‌സണൽ ഇന്നത്തെ മത്സരം വിജയിച്ചാൽ അവർ ലീഗിൽ മുന്നിലെത്തും.