ടുഷെലിനെ പുറത്താക്കുന്നതിലേക്ക് ചെൽസിയെ നയിച്ചത് റൊണാൾഡോയെ സ്വന്തമാക്കേണ്ടെന്ന തീരുമാനവും
ഒന്നര വർഷം കൊണ്ട് ചെൽസിക്കൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് തോമസ് ടുഷെൽ. ഇതിൽ അവരുടെ രണ്ടാമത്തെ മാത്രം ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു. ചെൽസി പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം വെറും അഞ്ചു മാസത്തെ സമയം കൊണ്ടാണ് ചാമ്പ്യൻസ് ലീഗ് കിരീടം ടുഷെൽ ചെൽസിക്ക് നേടിക്കൊടുത്തത്. അതിനു പുറമെ യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പും നേടിയ ചെൽസി കഴിഞ്ഞ സീസണിലും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.
ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പതറിയെങ്കിലും ടീമിനെ മുന്നോട്ടു നയിക്കാൻ തോമസ് ടുഷെലിനു കഴിയുമെന്ന് ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ടു തന്നെ പെട്ടന്നുള്ള പുറത്താക്കൽ അവരിൽ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നാൽ ചെൽസി ഉടമയായ ടോഡ് ബോഹ്ലിയും തോമസും ടുഷെലും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അതിന്റെ പരിണിതഫലമായാണ് ടുഷെലിനു കൂടുതൽ അവസരങ്ങളൊന്നും നൽകാതെയുള്ള പുറത്താക്കലിന്റെ പിന്നിലെന്നും യൂറോപ്യൻ മാധ്യമങ്ങളും ആരാധകരും ചർച്ച ചെയ്യുന്നുണ്ട്.
ചെൽസിയെ ഏറ്റെടുത്തതിനു ശേഷം രണ്ടു ടോഡ് ബോഹ്ലിയും തോമസ് ടുഷെലും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നത് റൊണാൾഡോ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടായിരുന്നു. റൊണാൾഡോയെ ടീമിലെത്തിക്കാൻ ചെൽസി ഉടമക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നെങ്കിലും അതിനെ തുടക്കം മുതൽ എതിർത്ത തോമസ് ടുഷെൽ തന്റെ പദ്ധതികളിൽ പോർച്ചുഗൽ താരത്തിന് സ്ഥാനമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. റൊണാൾഡോയെ ചെൽസി സ്വന്തമാക്കിയില്ലെങ്കിലും ബോഹ്ലിയും ടുഷെലും തമ്മിലുള്ള അസ്വാരസ്യം അവിടെ തുടങ്ങി.
🚨🎖| Tedd Boehly wanted to sign Cristiano Ronaldo and had already agreed on everything with him, but Tuchel rejected him and preferred to sign other players like Aubameyang. [@MatteMoretto] #fcblive pic.twitter.com/xuEDQEkwfw
— BarçaTimes (@BarcaTimes) September 7, 2022
ഒരു മികച്ച യുവസ്ട്രൈക്കറെ സ്വന്തമാക്കാനാണ് ചെൽസി ശ്രമിച്ചതെങ്കിലും ഒടുവിൽ അവർ ടീമിലെത്തിച്ചത് ബാഴ്സലോണയുടെ മുപ്പത്തിമൂന്നു വയസുള്ള താരമായ പിയറി എമറിക്ക് ഒബാമയാങ്ങിനെയാണ്. ഇതിനു പുറമെ ട്രാൻസ്ഫർ ജാലകത്തിൽ ചെൽസി വമ്പൻ തുക വാരിയെറിഞ്ഞ് നിരവധി താരങ്ങളെ ടീമിന്റെ ഭാഗമാക്കുകയും ചെയ്തു. എന്നാൽ ഈ താരങ്ങളൊന്നും എത്തിയിട്ടും ടീം മികച്ച പ്രകടനം നടത്താതെ വന്നതോടെ ജർമൻ പരിശീലകനിൽ ബോഹ്ലിക്ക് താൽപര്യം കുറയാൻ കാരണമായി.
നേരത്തെ റോമൻ അബ്രമോവിച്ച് ഉടമയായിരുന്നപ്പോൾ നിയമിച്ച പരിശീലകനാണ് തോമസ് ടുഷലെന്നതും അദ്ദേഹം പുറത്തു പോകാൻ കാരണമായെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മുൻ നേതൃത്വത്തിനു കീഴിൽ ഉണ്ടായിരുന്ന സ്പോർട്ടിങ് ഡയറക്റ്റർ അടക്കം പലരെയും ബോഹ്ലി നേരത്തെ പുറത്താക്കിയിരുന്നു. എന്തായാലും ചെൽസിയിൽ തന്റെ മേധാവിത്വം തന്നെയാണ് നടക്കുകയെന്ന് ഇതിലൂടെ അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.