അടിച്ചുകൂട്ടുന്നത് അവിശ്വസനീയ ഗോളുകൾ, ലോട്ടറിയടിച്ചത് ബാഴ്‌സലോണക്ക് | Ilkay Gundogan

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടാൻ ഇനിയുള്ള ഓരോ മത്സരത്തിലും വിജയം അനിവാര്യമാണെന്നിരിക്കെ എവർട്ടനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾ നേടി മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയപ്പോൾ അതെ സ്കോറിനു ബ്രൈറ്റണോട് ആഴ്‌സണൽ തോൽവി വഴങ്ങിയത് ലീഗ് കിരീടത്തിലേക്ക് സിറ്റിയെ ഒന്നുകൂടി അടുപ്പിച്ചു. ഇനിയൊരു വിജയം കൂടി നേടിയാൽ സിറ്റി കിരീടം സ്വന്തമാക്കും.

ഇന്നലെത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് ജർമൻ മധ്യനിര താരമായ ഇൽകെയ് ഗുണ്ടോഗനാണ്. മത്സരത്തിന്റെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും താരം രണ്ടു മനോഹരമായ ഗോളുകളാണ് നേടിയത്. ആദ്യപകുതിയിൽ മികച്ച പന്തടക്കത്തോടെ ഒരു ഗോൾ നേടിയ താരം രണ്ടാം പകുതിയിൽ അതിമനോഹരവും എന്നാൽ വളരെ അനായാസവുമായി ഒരു ഗോൾ കൂടി നേടുകയുണ്ടായി. ഹാലാൻഡാണ് മറ്റൊരു ഗോൾ നേടിയത്.

മത്സരത്തിൽ ഹാലാൻഡ് നേടിയ ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത ഗുൻഡോഗൻ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള താരത്തെ പ്രശംസ കൊണ്ടു മൂടിയിരുന്നു. ഗോൾ നേടുന്നത് മാത്രമല്ല, മറിച്ച് ടീമിനെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ താരം നിർണായക പങ്കു വഹിക്കുന്നുണ്ടെന്നാണ് ഗ്വാർഡിയോള പറഞ്ഞത്.

അതേസമയം ഗുൻഡോഗൻ മികച്ച ഫോമിൽ കളിക്കുന്നത് ബാഴ്‌സലോണക്കാണ് കൂടുതൽ സന്തോഷം നൽകുന്നത്. ഈ സീസൺ കഴിയുന്നതോടെ മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിക്കുന്ന ജർമൻ താരം അത് പുതുക്കുന്നില്ലെന്ന തീരുമാനം എടുത്ത് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. 32 വയസുള്ള താരം കൂടുതൽ മികവ് ഓരോ മത്സരത്തിലും കാണിക്കുന്നത് ബാഴ്‌സലോണയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.

Ilkay Gundogan Scored Two Stunning Goals Against Everton