കരിയറിനെ മാറ്റിമറിക്കുന്ന സുപ്രധാന ചുവടുവെപ്പ്, നിർണായക തീരുമാനമെടുത്ത് നെയ്‌മർ | Neymar

ബാഴ്‌സലോണയിൽ മിന്നിത്തിളങ്ങി ലയണൽ മെസിക്ക് ശേഷം ടീമിന്റെ എല്ലാമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ച സമയത്താണ് ബ്രസീലിയൻ താരം നെയ്‌മർ എക്കാലത്തെയും ഉയർന്ന തുകയുടെ ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറുന്നത്. താരത്തിന്റെ റിലീസിംഗ് ക്ലോസായ 222 മില്യൺ യൂറോ പിഎസ്‌ജി നൽകിയപ്പോൾ ബാഴ്‌സലോണക്ക് മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. മെസിയുടെ നിഴലിൽ നിന്നും പുറത്തു കടക്കാൻ വേണ്ടിയാണ് നെയ്‌മർ ബാഴ്‌സലോണ വിട്ടത്.

എന്നാൽ പിഎസ്‌ജിയുമായുള്ള താരത്തിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല. നിരവധി തവണ താരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ചു എങ്കിലും പിഎസ്‌ജി വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതിനു ശേഷം ഏതാനും സീസണുകൾ കഴിഞ്ഞപ്പോൾ കരാർ പുതുക്കിയ താരത്തെ പിന്നീട് ഒഴിവാക്കാൻ പിഎസ്‌ജി ശ്രമിച്ചപ്പോൾ നെയ്‌മറും ക്ലബ് വിടാൻ തയ്യാറായില്ല. ഇനിയും ഏതാനും വർഷങ്ങൾ കൂടി നെയ്‌മർക്ക് കരാർ ബാക്കിയുണ്ട്.

എന്നാൽ തന്റെ നിലപാട് മാറ്റി പിഎസ്‌ജി വിടാനുള്ള തീരുമാനം നെയ്‌മർ എടുത്തു എന്നാണു നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ലയണൽ മെസിയുടെ സൗദി സന്ദർശനങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ആരാധകർ നെയ്‌മറുടെ വീടിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് പിഎസ്‌ജിയിൽ തുടരുന്നില്ലെന്ന് നെയ്‌മർ തീരുമാനിച്ചത്. ആരാധകർ വീടിനു മുന്നിൽ നടത്തിയ പ്രതിഷേധം ബ്രസീലിയൻ താരത്തെ ഞെട്ടിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തുടർച്ചയായ പരിക്കുകളേറ്റു വാങ്ങിയ നെയ്‌മർക്ക് നിരവധി മത്സരങ്ങൾ നഷ്‌ടമായിരുന്നു. ലീഗ് കിരീടങ്ങൾ നേടിയെങ്കിലും ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽ ഫൈനൽ കളിക്കാൻ കഴിഞ്ഞതാണ് നെയ്‌മറുടെ വലിയ നേട്ടം. അതുകൊണ്ടു തന്നെ പിഎസ്‌ജി വിടുന്നത് നെയ്‌മറെ സംബന്ധിച്ച് കരിയറിൽ ഒരു വഴിത്തിരിവായിരിക്കും. ഇനിയും നിരവധി വർഷങ്ങൾ കരിയറിൽ ബാക്കിയുള്ളതിനാൽ ബാലൺ ഡി ഓർ അടക്കമുള്ള നേട്ടങ്ങളിലേക്ക് ഇനിയും നെയ്‌മർക്ക് കണ്ണുവെക്കാം.

Neymar Open To PSG Departure After Protests At House