പരിക്കേറ്റു വീണ് ലിസാൻഡ്രോ മാർട്ടിനസ്, തോളിലേറ്റി മൈതാനത്തിനു പുറത്തെത്തിച്ച് സെവിയ്യയിലെ അർജന്റീന താരങ്ങൾ | Lisandro Martinez
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സാധ്യമായ മൂന്നു കിരീടങ്ങളും നേടിയ ടീമാണ് അർജന്റീന. ലയണൽ സ്കലോണിയെന്ന പരിശീലകന്റെ സാന്നിധ്യവും ലയണൽ മെസിയെന്ന താരത്തിന്റെ മികച്ച പ്രകടനത്തിനുമൊപ്പം ഒരു ടീം മുഴുവൻ ഒറ്റക്കെട്ടായി പൊരുതിയാണ് അർജന്റീനക്ക് ഈ വിജയങ്ങൾ സ്വന്തമാക്കി നൽകിയത്. ഈ ഒത്തൊരുമ തന്നെയാണ് നാൽപ്പതിലധികം മത്സരങ്ങൾ കളിച്ചപ്പോൾ ഒരു തോൽവി മാത്രമെന്ന റെക്കോർഡ് അർജന്റീനക്ക് നേടിക്കൊടുത്തതും.
അർജന്റീന ടീമിലെ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്ന സംഭവം കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിനിടെ നടന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും തമ്മിലുള്ള മത്സരത്തിടെയാണ് അർജന്റീന ആരാധകർക്ക് വൈകാരികമായ അനുഭവം നൽകിയ കാര്യം നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇറങ്ങി പരിക്ക് പറ്റിയ ലിസാൻഡ്രോ മാർട്ടിനസിനെ സെവിയ്യയിലെ അർജന്റീന താരങ്ങൾ സഹായിക്കുന്നതാണ് മത്സരത്തിൽ കണ്ടത്.
When the Sevilla players seem like they care, but all they want is Martinez off the pitch#mufc #lisandromartinez pic.twitter.com/nvvTfzCAW0
— StrettyEnd (@_StrettyEnd) April 13, 2023
മത്സരം തീരാൻ അഞ്ചു മിനുട്ടിലധികം ശേഷിക്കെയാണ് ലിസാൻഡ്രോ മാർട്ടിനസിനു പരിക്ക് പറ്റിയത്. മൈതാനത്ത് വീണ താരത്തിന് കാൽ നിലത്തു കുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതോടെ സെവിയ്യയിലെ അർജന്റീന താരങ്ങൾ ലിസാൻഡ്രോക്ക് സഹായവുമായെത്തി. തങ്ങളുടെ തോളിലേറ്റി ലിസാൻഡ്രോ മാർട്ടിനസിനെ മൈതാനത്തിനു പുറത്തെത്തിച്ചത് അക്യൂന, മോണ്ടിയാൽ, ഒകാമ്പോസ് എന്നീ അർജന്റീന താരങ്ങളായിരുന്നു.
മറ്റു ക്ലബുകളിൽ കളിച്ച് എതിരാളികളായി വരുമ്പോഴും അർജന്റീന താരങ്ങൾ എത്രത്തോളം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അതേസമയം പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനസിന്റെ നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഈ സീസൺ മുഴുവൻ താരത്തിന് നഷ്ടമാകുമെന്നും പരിക്ക് മാറാൻ ആറു മാസത്തോളം വേണ്ടി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയാണിത്.
അതേസമയം മത്സരത്തിൽ രണ്ടു ഗോളുകൾ ആദ്യപകുതിയിൽ നേടിയിട്ടും സമനില വഴങ്ങേണ്ട അവസ്ഥയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ടായത്. സാബിസ്റ്റർ ആറു മിനുട്ടിന്റെ ഇടയിൽ രണ്ടു ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചെങ്കിലും അവസാന മിനിറ്റുകളിൽ ടൈറൽ മലാസിയ, ഹാരി മാഗ്വയർ എന്നിവർ സെൽഫ് ഗോൾ വഴങ്ങിയതോടെ സെവിയ്യ സമനില നേടുകയായിരുന്നു.
Content Highlights: Injured Lisandro Martinez Carried By Sevilla’s Argentine Teammates