മെസിയെക്കാൾ സാവി ബാഴ്‌സലോണ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊരു അർജന്റീന താരത്തെ | FC Barcelona

ലയണൽ മെസിയുടെ ഭാവി എന്താകുമെന്ന ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നു കൊണ്ടിരിക്കുന്നത്. ലോകകപ്പിന് പിന്നാലെ മെസി ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. ഇതോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയതോടെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതും ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നതിന് തടസമായി.

ലയണൽ മെസി തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സജീവമായുള്ളത്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ക്ലബിന്റെ പരിശീലകനായ സാവി എന്നിവർ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായി പ്രതികരിച്ചിരുന്നു. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകൾ എന്തൊക്കെയാണെന്ന് തിരഞ്ഞു കൊണ്ടിരിക്കുകയാണ്.

അതേസമയം ലയണൽ മെസിയെക്കാൾ സാവി അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊരു അർജന്റീന താരത്തെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ലാ ലീഗയിൽ തന്നെ വിയ്യാറയലിൽ കളിക്കുന്ന അർജന്റീന റൈറ്റ് ബാക്കായ യുവാൻ ഫോയ്ത്തിനെയാണ് സാവി ടീമിലേക്ക് പരിഗണിക്കുന്നത്. ഒരു പ്രോപ്പർ റൈറ്റ് ബാക്കിന്റെ അഭാവം പരിഹരിക്കുന്നതിന് വേണ്ടിയാണ് യുവാൻ ഫോയ്ത്തിനെ സാവി ടീമിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്.

ഈ സീസണിൽ മികച്ച പ്രകടനമാണ് ഫോയ്ത്ത് വിയ്യാറയലിനു വേണ്ടി നടത്തുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിലും താരം ഉണ്ടായിരുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിനെ ലീഗിലെ രണ്ടു മത്സരങ്ങളിലും തോൽപ്പിക്കുന്നതിലും താരം പ്രധാന പങ്കു വഹിച്ചു. എന്നാൽ ഫോയ്ത്തിനെ സ്വന്തമാക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് സങ്കീർണമായ കാര്യമാണ്. അറുപതു മില്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്നാണ് വിയ്യാറയലിന്റെ ആവശ്യം.

വിയ്യാറയലിനായി മികച്ച പ്രകടനം നടത്തുന്ന താരത്തെ വിട്ടുകൊടുക്കാൻ ക്ലബിനും താൽപര്യമില്ല. യെല്ലോ സബ്‌മറൈൻസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ താരത്തിന്റെ ട്രാൻസ്‌ഫർ കൂടുതൽ സങ്കീർണമായി മാറും. എന്നാൽ റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിയുന്ന താരത്തെ ഏതു വിധേനയും സ്വന്തമാക്കാൻ ശ്രമിക്കണമെന്നാണ് സാവിയുടെ ആവശ്യം.

Content Highlights: FC Barcelona Coach Xavi Want Juan foyth