ലോകഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇന്റർ മിയാമിയിൽ ഒരുമിക്കും, സുവാരസിനെ റാഞ്ചാനുള്ള നീക്കങ്ങൾ തുടങ്ങി | Luis Suarez

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര എടുത്താൽ അതിൽ ആദ്യസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പേരാണ് ലയണൽ മെസി, ലൂയിസ് സുവാരസ്, നെയ്‌മർ എന്നിവരുടെ എംഎസ്എൻ ത്രയം. ബാഴ്‌സലോണയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ഈ കൂട്ടുകെട്ടിൽ നിന്നും നെയ്‌മർ പിരിഞ്ഞെങ്കിലും മെസിയും സുവാരസും കുറച്ചു വർഷങ്ങൾ കൂടി ക്ലബിൽ തന്നെ തുടർന്നു. ഇരുവരും തമ്മിലുള്ള അപാരമായ ഒത്തിണക്കം അക്കാലത്തെല്ലാം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ലയണൽ മെസി യൂറോപ്പ് വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുത്തതു മുതൽ മെസിയും സുവാരസും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളും വർധിച്ചിരുന്നു. നിരവധി അഭ്യൂഹങ്ങളും അതുമായി ബന്ധപ്പെട്ടു വന്നിരുന്നു. ആ അഭ്യൂഹങ്ങൾ യാഥാർത്ഥ്യമാകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. മുപ്പത്തിയാറുകാരനായ യുറുഗ്വായ് താരത്തിന് വേണ്ടി ഇന്റർ മിയാമി നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റൊണാൾഡ്‌ കൂമാൻ പരിശീലകനായതിനു പിന്നാലെ ബാഴ്‌സലോണ വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ സുവാരസ് അവിടെയും മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ പരിക്കുകൾ കാര്യമായി ബാധിച്ച് ഫോം മങ്ങിയതോടെ താരം ലാറ്റിനമേരിക്കയിലേക്ക് മടങ്ങി. ആദ്യം യുറുഗ്വായ് ക്ലബ് നാഷണലിൽ കളിച്ചിരുന്ന താരം ഇപ്പോൾ ബ്രസീലിയൻ ക്ലബായ ഗ്രെമിയോയുടെ സ്‌ട്രൈക്കറാണ്. അവിടെ നിന്നും താരത്തെ സ്വന്തമാക്കാനുള്ള നീക്കമാണ് ഇന്റർ മിയാമി നടത്തുന്നത്.

മെസിയും താനും കരിയറിന്റെ അവസാനകാലത്ത് വീണ്ടുമൊരുമിച്ചു കളിക്കുമെന്ന് ലൂയിസ് സുവാരസ് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്‌ഫർ നടന്നാൽ മെസിയും സുവാരസും മാത്രമല്ല, ബാഴ്‌സലോണക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ നാല് താരങ്ങളാണ് ഒരുമിക്കാൻ പോകുന്നത്. ഒരു തരത്തിൽ ഇന്റർ മിയാമി മിനി ബാഴ്‌സലോണയായി മാറുമെന്നും വേണമെങ്കിൽ പറയാം.

Inter Miami Aims To Sign Luis Suarez