ബാഴ്‌സലോണയിലേക്ക് ചേക്കേറുക സ്വപ്‌നമാണെന്ന് ഫെലിക്‌സ്, സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ച് ക്ലബ് | Joao Felix

അന്റോയിൻ ഗ്രീസ്‌മൻ ബാഴ്‌സലോണയിലേക്ക് ചേക്കേറിയപ്പോൾ പകരക്കാരനായി ക്ലബ് റെക്കോർഡ് തുകക്ക് ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കിയ താരമാണ് ജോവോ ഫെലിക്‌സ്. എന്നാൽ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല. അവസരങ്ങൾ കുറഞ്ഞ താരം കഴിഞ്ഞ സീസണിൽ ചെൽസിയിൽ ലോണിൽ കളിച്ചെങ്കിലും അവിടെയും സ്ഥിരസാന്നിധ്യമായി മാറാൻ കഴിയാത്തതിനാൽ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചു വന്നു.

ഡീഗോ സിമിയോണിയുടെ പദ്ധതികളിൽ ഇടമില്ലെന്ന് അറിയാവുന്ന താരം കഴിഞ്ഞ ദിവസം ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തന്റെ താൽപര്യം വെളിപ്പെടുത്തുകയുണ്ടായി. “ഞാൻ ബാഴ്‌സക്കു വേണ്ടി കളിക്കാൻ ഇഷ്‌ടപ്പെടുന്നു. ബാഴ്‌സലോണ എല്ലായിപ്പോഴും എന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് തന്നെയാണ്. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ അത് സ്വപ്‌നം കണ്ടിരുന്നു. ആ ട്രാൻസ്‌ഫർ സംഭവിച്ചാൽ വലിയൊരു സ്വപ്‌നം യാഥാർത്ഥ്യമാകുന്നതു പോലെ തന്നെയാണ്.” ഫെലിക്‌സ് പറഞ്ഞു.

ഇതിനു മുൻപും ഈ സമ്മറിലും ബാഴ്‌സലോണയിലേക്ക് ഫെലിക്‌സ് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി അതിനൊരു തടസമായി നിൽക്കുകയാണ്. എന്നാൽ ഈ സമ്മറിൽ ഫെലിക്‌സ് ബാഴ്‌സലോണയിലേക്ക് എത്തില്ലെന്നുറപ്പിക്കാൻ കഴിയില്ല. പോർച്ചുഗൽ താരത്തെ ലോണിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുമെന്നാണ് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ പറയുന്നത്.

ബെൻഫിക്കയിൽ മിന്നുന്ന പ്രകടനം നടത്തുന്ന സമയത്താണ് ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡിലേക്ക് വരുന്നത്. എന്നാൽ ഡീഗോ സിമിയോണിയുടെ പ്രതിരോധത്തിലേക്ക് വലിഞ്ഞുള്ള ശൈലിയിൽ താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ കഴിഞ്ഞാൽ അത് താരത്തിന് തന്റെ കരിയർ വീണ്ടെടുക്കാനുള്ള ഒരു അവസരമായി മാറും. വെറും ഇരുപത്തിമൂന്നു വയസ് മാത്രമുള്ള താരത്തിന് ഇനിയും കരിയർ ഒരുപാട് കാലം ബാക്കിയുമുണ്ട്.

Joao Felix Loves To Play for Barcelona